കോഴിക്കോട്: ലൈംഗികാപവാദ കേസിനെ തുടര്‍ന്ന് മാറി നില്ക്കുക, തുടര്‍ന്ന് വീണ്ടും പദവിയില്‍ തിരിച്ചെത്തുക… പല മുന്നണികളും രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തുന്ന അവസരത്തില്‍ എട്ടാംതവണയും കളത്തിലിറങ്ങുക തുടങ്ങി കൗതുകകരമായ പല ചുഴികളും നിറഞ്ഞതാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം.
മന്ത്രി എ.കെ.ശശീന്ദ്രന്റെ തേരോട്ടത്തെ പിടിച്ചുകെട്ടാന്‍ വിമത സ്ഥാനാര്‍ഥി യു.വി. ദിനേശ് മണിക്കാവുമോ ?ഇടത്, വലത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ കല്ലുകടി നേരിട്ട മണ്ഡലമായിരുന്നു എലത്തൂര്‍.
എ.കെ.ശശീന്ദ്രന് മൂന്നാം തവണയും എലത്തൂരില്‍ മത്സരിക്കുന്നതിനെതിരേ എന്‍സിപിയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു. മന്ത്രിക്കെതിരേ ഉയര്‍ന്ന ലൈംഗികാപവാദം മുതല്‍ കെഎസ്ആര്‍ടിസിയിലെ പിടിപ്പുകേടുവരെയുള്ള വിമര്‍ശനങ്ങളാണ് മന്ത്രിക്ക് നേരിടാനുള്ളത്. ശശീന്ദ്രനെതിരേ പോസ്റ്ററുകള്‍ വരെ പ്രത്യക്ഷപ്പെട്ടു.
എന്നാല്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം ശശീന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.യുഡിഎഫിലാകട്ടെ പ്രതിസന്ധിക്ക് ഇപ്പോഴും അയവുവന്നിട്ടില്ല. യുഡിഎഫ് എന്നും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കാണ് സീറ്റ് നല്‍കാറ്.
സി ക്ലാസ് മണ്ഡലമെന്ന ഗണത്തില്‍പെടുത്തിയ മണ്ഡലത്തില്‍ ഇത്തവണ സീറ്റ് നല്‍കിയത് എന്‍സിപി വിട്ട മാണി സി കാപ്പന്റെ പാര്‍ട്ടിയായ എന്സികെക്കാണ്.യാതൊരു വേരോട്ടവുമില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നല്‍കിയതിനെതിരേ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി രംഗത്തെത്തിയിരുന്നു.
എഐസിസി സെക്രട്ടറി പി.വി.മോഹനന്, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് മണ്ഡലം കമ്മിറ്റി നിവേദനം നല്‍കിയെങ്കിലും സ്ഥാനാര്‍ഥിയായി എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരിയെ പ്രഖ്യാപിച്ചു.
ഇതോടെ നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം യു.വി.ദിനേശ് മണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായം പോലുമില്ലാതെയാണ് എന്‍സികെ ഇവിടെ മത്സരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
അതേസമയം ഇരുമുന്നണികളിലേയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകള്‍ വോട്ടാക്കി മാറ്റാനാണ് ബിജെപി പരിശ്രമിക്കുന്നത്. മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ ടി.പി.ജയചന്ദ്രന് മണ്ഡലവുമായുള്ള ബന്ധം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. തീരദേശമേഖലയായ പുതിയാപ്പ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്.
പ്രചാരണത്തില്‍ മുഴങ്ങുന്നത്
ഇടതുമുന്നണിയുടെ വികസന നേട്ടങ്ങളും സവിശേഷമായി മന്ത്രി എന്ന നിലയിൽ എ.കെ.ശശീന്ദ്രൻ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവൃത്തികളുമാണ് ഇടതുമുന്നണി പ്രചരണായുധമാക്കുന്നത്. കോരപ്പുഴ പാലം നവീകരിച്ചത്, ഗ്രാമീണ റോഡുകളുടെ വികസനം, പുതിയാപ്പ ഫിഷിംഗ് ഹാർബർ നവീകരണം, വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ സ്മാർട്ട് ക്ലാസ് റൂമുകൾ, ആശുപത്രി കെട്ടിടങ്ങൾ തുടങ്ങിയവയാണ് ഉദാഹരണമായി ഇടതുമുന്നണി എടുത്തുകാട്ടുന്നത്.
എന്നാൽ പറയത്തക്ക വികസനമൊന്നും മണ്ഡലത്തിലെത്തിയിട്ടില്ലെന്ന വിമർശനമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.കോഴിക്കോട്-ബാലുശേരി റോഡ് നവീകരണം നടപ്പിലാക്കാനാവാത്തത് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയാപ്പ ഫിഷിംഗ് ഹാർബറിലെ വികസനം വേണ്ടരീതിയിൽ എത്തിയിട്ടില്ല.
മന്ത്രി മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും വേണ്ടത്ര പരിഗണന എലത്തൂരിനു കിട്ടിയിട്ടില്ലെന്ന വിമർശനത്തിലൂന്നിയ പ്രചരണ തന്ത്രങ്ങളാണ് യുഡിഎഫ് ഒരുക്കുന്നത്. ബിജെപിയാകട്ടെ മണ്ഡലത്തിൽ തങ്ങളുടെ സ്വാധീനം വർധിക്കുന്നതിന്റെ കണക്ക് നിരത്തി ഒരവസരം തന്നാൽ മണ്ഡലത്തെ മാറ്റിമറിക്കാമെന്ന വാഗ്ദാനമാണ് മുന്നോട്ടുവയ്ക്കുന്നത്.
വോട്ട് കണക്കുകള്‍
2011 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എ.കെ.ശശീന്ദ്രന് 67,143 വോട്ടായിരുന്നു നേടിയത്. 2016 ല്‍ വോട്ട് നില മെച്ചപ്പെടുത്തി. 76387 വോട്ട് നേടി ശശീന്ദ്രന് വിജയിച്ചു. അതേസമയം 2011 ല്‍ യുഡിഎഫിലെ എസ്ജെഡി സ്ഥാനാര്‍ഥി ഷേയ്ഖ് പി ഹരീസ് 52489 വോട്ട് നേടിയിരുന്നു.
2016 -ല്‍ സീറ്റ് ജെഡിയുവിന് നല്കിയപ്പോള് കിഷന് ചന്ദ് 47,450 വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെപിയും വോട്ട് നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് മണ്ഡലത്തിലുള്ളത്. 2011 ല്‍ ബിജെപിയുടെ വി.വി.രാജന് 11901 വോട്ടായിരുന്നു നേടിയത്. എന്നാല്‍ 2016 ല്‍ രാജന് നായര്‍ 29070 വോട്ട് നേടിയിരുന്നു.