പോലീസ് ബുദ്ധി കിറുകൃത്യമായതോടെ രണ്ടു പെണ്‍കുട്ടികളെ വലിയ അപകടത്തില്‍ നിന്നാണ് രക്ഷിച്ചത്. കുഴല്‍മന്ദം പോലീസിന്റെ തന്ത്രപരമായ ഇടപടെലാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ഒളിച്ചോട്ടത്തെ പരാജയപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ ചീത്തപറഞ്ഞതും വീട്ടില്‍ വേണ്ടത്ര പരിഗണന കിട്ടാത്തതുമാണ് കുട്ടികളെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചത്.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ഇരുവരും ശനിയാഴ്ചരാവിലെ എട്ടരയോടെ സ്പെഷ്യല്‍ ക്ലാസുണ്ടെന്നു പറഞ്ഞാണ് വീടുകളില്‍ നിന്ന് പോന്നത്. നന്നായി പഠിക്കുന്ന കുട്ടികളാണ് ഇരുവരും. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ രക്ഷിതാക്കള്‍ അന്വേഷണമാരംഭിച്ചു. പോലീസില്‍ പരാതി നല്‍കി. ഞങ്ങള്‍ പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നുമുള്ള കത്തുകള്‍ ഇരുവരും എഴുതി വെച്ചിരുന്നു.
ഈ പരാതി കിട്ടിയപ്പോള്‍ എസ്‌ഐഎ അനൂപ് നടത്തിയ നീക്കങ്ങളാണ് കേസില്‍ വഴിത്തിരിവായത്. അനൂപ് പെണ്‍കുട്ടികളുടെ കൂട്ടുകാരെ കണ്ടു സംസാരിച്ചു. ഇതിലൊരാളെ പെണ്‍കുട്ടികള്‍ വിളിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു. വിളി വന്നാല്‍ തന്ത്രപൂര്‍വം സംസാരിക്കാനും പോലീസിനെ അപ്പോള്‍ത്തന്നെ അറിയിക്കാനും നിര്‍ദേശിച്ചു.
രാത്രി പത്തോടെ പോലീസ് കണക്കുകൂട്ടിയതു പോലെ സുഹൃത്തിന് ഫോണ്‍കോള്‍ വന്നു. തങ്ങള്‍ പോവുകയാണെന്നും ക്ഷമിക്കണമെന്നും മാത്രമാണ് പറഞ്ഞത്. ബസില്‍ ചെന്നൈയിലേക്കാണ് പോകുന്നതെന്നും ഒരു യാത്രക്കാരന്റെ ഫോണ്‍വാങ്ങിയാണ് വിളിക്കുന്നതെന്നും പറഞ്ഞു.
സൈബര്‍സെല്ലിന്റെ സഹായത്തോടെ കുഴല്‍മന്ദം സ്റ്റേഷനിലെ എ.എസ്.ഐ.മാരായ ശബരീഷ്, പ്രശാന്ത്, സി.പി.ഒ.മാരായ നിഷാന്ത്, രാമചന്ദ്രന്‍ എന്നിവര്‍ നടത്തിയ നിരീക്ഷണത്തില്‍ സേലം ദേശീയപാതയിലാണ് ഇവരെന്ന് കണ്ടെത്തി.
പെണ്‍കുട്ടികള്‍ വിളിച്ച നമ്പരിലേക്ക് എസ്.ഐ. തിരിച്ചുവിളിച്ചു. ഫോണ്‍ ഉടമയോട് പെണ്‍കുട്ടികളെ കാണാതായതാണെന്ന് വിശദീകരിച്ചു. ബസിലെ കണ്ടക്ടര്‍ക്ക് ഫോണ്‍ കൈമാറാന്‍ പറഞ്ഞു. തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടികളെ ഇറക്കാന്‍ കണ്ടക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വാട്സാപ്പില്‍ പെണ്‍കുട്ടികളുടെ ചിത്രം അയച്ചു കൊടുത്ത് കാണാതായവര്‍ തന്നെയെന്ന് ഉറപ്പാക്കി. ഇതനുസരിച്ച് വില്ലുപുരം സ്റ്റേഷനില്‍ ഇവരെ രാത്രി പത്തരയോടെ ഹാജരാക്കി.