ആലത്തൂർ: ആലത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിൽ ടൗണിലും പരിസരങ്ങളിലും കാമറകൾ സ്ഥാപിച്ചു. എട്ടു സ്ഥലങ്ങളിലായി പതിനാറ് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
സ്വാതി ജംഗ്ഷൻ, ലിങ്ക് റോഡ്, പുതിയ ബസ് സ്റ്റാൻഡ്, പവിഴം കോർണർ, എഎസ് എംഎം ഹയർ സെക്കൻഡറി സ്കൂളിനും ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനും സമീപം, ടിബിക്കു സമീപം തോട്ടുപാലം, മൂച്ചിക്കാട്, ടെലഫോണ്‍ എക്സ്ചേഞ്ച് എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്.
ഒരു കാമറ പോയിന്റിൽ രണ്ടു ദിശയിലേക്ക് രണ്ടു കാമറകളാണ് സ്ഥാപിച്ചത്. കൂടാതെ നാല് സോളാർ കാമറകൾ കൂടി പുതിയങ്കം, നെല്ലിയാംകുന്നം, വീഴുമല ആർ.കൃഷ്ണൻ റോഡ് എന്നിവിടങ്ങളിൽ സ്ഥാപിക്കും. ഈ കാമറകൾ എല്ലാം പോലീസ് സ്റ്റേഷനും പഞ്ചായത്ത് ഓഫീസുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഇതുവഴി ട്രാഫിക് സംവിധാനം, നിയമങ്ങൾ, പാർക്കിംഗ് എന്നിവ മെച്ചപ്പെടുത്തുക, മാലിന്യം വലിച്ചെറിയുന്നവരെ തിരിച്ചറിഞ്ഞ് കർശനനടപടി സ്വീകരിക്കുക, മോഷണം മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ കുറ്റക്കാരെ കണ്ടുപിടിക്കാൻ പോലീസിനെ സഹായിക്കുക എന്നീ ലക്ഷ്യങ്ങൾ ഇതുമൂലം സാധിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതരും പോലീസും.