കൊരട്ടി: ലോക്ഡൗൺ കാലഘട്ടത്തെ റിക്കാർഡ് നേട്ടത്തിലേക്കെത്തിച്ച് പത്താംക്ലാസുകാരൻ. സ്കൂൾ അടച്ചതോടെ വീട്ടിലകപ്പെട്ട കൊരട്ടി കോനൂർ സ്വദേശിയായ ആൽബർട്ട് ജോസ് യുട്യൂബിലും വീഡിയോയിലും കണ്ട സ്ക്വാറ്റിംഗ് എന്ന വ്യായാമത്തിലൂടെ കരസ്ഥമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും ഏഷ്യബുക്ക് ഓഫ് റിക്കാർഡും.
മിക്സ്ഡ് മാർഷ്യൽ ആർട്സ് ബോക്സർ ആകണമെന്ന ആഗ്രഹത്തിൽനിന്നാണ് അശ്രാന്ത പരിശ്രമത്തിലൂടെ ഈ നേട്ടം കൈവരിച്ചത്.
മിനിറ്റിൽ 74 പ്രാവശ്യം എന്ന നിലവിലെ റിക്കാർഡാണ് 81 പ്രാവശ്യം നടത്തി ആൽബർട്ട് ഭേദിച്ചത്. മിനിറ്റിൽ 84 പ്രാവശ്യം എന്ന വേൾഡ് റിക്കാർഡ് ഭേദിക്കുമെന്ന വാശിയിലാണ് ആൽബർട്ട്.
ടൈൽ പണിക്കാരനായ കോനൂർ സ്നേഹനഗർ വിതയത്തിൽ ജോസിന്റെയും നിഷയുടെയും മൂത്തമകനാണ് എംഎഎം ഹൈസ്കൂൾ വിദ്യാർഥിയായ ആൽബർട്ട്.
എട്ടാംക്ലാസുകാരനായ അമലും യുകെജി വിദ്യാർഥിയായ അന്ന നിയയും സഹോദരങ്ങളാണ്.മിക്സ്ഡ് മാർഷ്യൽ ആർട്സ് ബോക്സിംഗിലെ അപകടസാധ്യതയെകുറിച്ചു മാതാപിതാക്കൾക്ക് ആകുലതയുണ്ടെങ്കിലും വെല്ലുവിളികൾ ഏറ്റെടുക്കണമെന്ന ആൽബർട്ടിന്റെ ഇംഗിതത്തിനു പിന്തുണയുമായി ഇളയച്ഛൻ സെൻസിലാവോസ് ഒപ്പമുണ്ട്.