അന്നു രാത്രി 11 മണി കഴിഞ്ഞിട്ടുണ്ടാവും. കേരളം ഇന്നും ഭീതിയോടെ ഓർമിക്കുന്ന കൊലയാളി സുകുമാരക്കുറുപ്പ് മറ്റു ചിലർക്കൊപ്പം ഇറച്ചി ആൽബിനെ കാണാൻ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലെത്തി.
കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്ന ആൽബിന് അക്കാലത്ത് കശാപ്പുകടയുണ്ട്. രാത്രിയിൽ വെട്ടുന്ന പോത്തിന്റെ ഇറച്ചി വാങ്ങാനായിരുന്നില്ല സുകുമാരക്കുറുപ്പ് വന്നത്.
തനിക്കൊരു മൃതദേഹം വേണമെന്നതായിരുന്നു സുകുമാര ക്കുറുപ്പിന്റെ ആവശ്യം. പറഞ്ഞ തൂക്കവും ഉയരവുമുള്ള മൃതദേഹം എത്തിച്ചുകൊടുത്താൽ 25,000 രൂപയാണ് പ്രതിഫലം പറഞ്ഞത്.
മൃതദേഹം കിട്ടാനില്ലെങ്കിൽ ആരെയെങ്കിലും കൊലപ്പെടുത്തി ശരീരം എത്തിച്ചുകൊടുത്താലും മതി. ആൽബിന് ജയിലിൽ പോകേണ്ടിവന്നാൽ ഒരു ലക്ഷംരൂപ ആശ്രിതരെ ഏല്പിക്കാമെന്നും കുറുപ്പ് വാഗ്ദാനം ചെയ്തു.
ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ തന്റെ ശരീരത്തോടു സാമ്യമുള്ളയാളുടെ മൃതദേഹം അന്വേഷിച്ചു സുകുമാരക്കുറുപ്പ് നടക്കുന്ന കാലമായിരുന്നു അത്.
കൊലയും കുത്തും വെട്ടും ക്വട്ടേഷനും തൊഴിലാക്കിയ ആൽബിൻ നിരൂവിച്ചാൽ ഒരു മൃതദേഹം എത്തിക്കാനാകുമെന്ന് ആരോ പറഞ്ഞുവത്രേ.
അക്കാലത്ത് ഇറച്ചി ആൽബിൻ പുന്നപ്രയിലെയെന്നല്ല ആലപ്പുഴജില്ലയിലെ ആസ്ഥാന ഗുണ്ടയാണ്. മൃഗങ്ങളെപ്പോലെ മനുഷ്യരെ കശാപ്പു ചെയ്തിരുന്ന ആൽബിൻ ഇറച്ചി ആൽബിൻ എന്ന് അറിയപ്പെട്ടത് അങ്ങനെയാണ്.
കരുണാകരൻ എന്ന പോലീസ് ഇൻസ്പെക്ടറെ വെട്ടിയവൻ. പൊടിയൻ എന്ന ഗുണ്ടയെ കുത്തിക്കൊന്നയാൾ.
രാത്രി സെമിത്തേരികളിൽ കിടന്നുറങ്ങുന്നയാൾ. ആൽബിന്റെ പേര് പറഞ്ഞ് ജനങ്ങളെ വിരട്ടി പണം വാങ്ങുന്ന അനുചര ഗുണ്ടകൾ പലരായിരുന്നു.
ഇറച്ചി ആൽബിനെ സുകുമാരക്കുറുപ്പ് അറിയാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു. അക്കാലത്ത് വണ്ടാനത്ത് സുകുമാരക്കുറുപ്പ് വീട് പണിയുന്നുണ്ട്.
ആ പ്രദേശത്ത് താമസിച്ചിരുന്ന ഒരു അഭിസാരികയെ തേടി സുകുമാരക്കുറുപ്പും സംഘവും വന്ന വേളയിൽ അവരുമായി ഏറ്റമുട്ടേണ്ട സാഹചര്യം ആൽബിനുണ്ടായി.
അടിയുടെ പേരിൽ സുകുമാരക്കുറുപ്പ് പുന്നപ്ര സ്റ്റേഷനിൽ ആൽബിനെതിരേ കേസു കൊടുത്തു. ഇതിനു പിന്നാലെയാണ് ആൽബിനു മുന്നിൽ ശവശരീരം അന്വേഷിച്ച് കുറുപ്പ് എത്തിയത്.
ഇതറിഞ്ഞ് ആൽബിന്റെ സഹായിയായിരുന്ന ഇറച്ചിപുരുഷൻ പറഞ്ഞു, “ഈ സംഘം അത്ര ശരിയല്ല. പണം വാങ്ങിയ ശേഷം കുറുപ്പിന്റെ സംഘത്തെ തല്ലിവിടാം.”
തൊട്ടടുത്ത ദിവസവും സുകുമാരക്കുറപ്പ് ആൽബിനെത്തേടി വീട്ടിലെത്തി. ചാക്കോയെ കൊലപ്പെടുത്തിയ ദിവസമായിരിക്കാം അത്.
മൃതദേഹം കിട്ടാതെ വന്ന സാഹചര്യത്തിൽ ആരെയെങ്കിലും കൊലപ്പെടുത്താനുള്ള തിരുമാന ത്തിലെത്തിയ സംഘത്തിനൊപ്പം ആൽബിനെയും കൂട്ടാനാണ് കുറുപ്പ് വന്നത്.
പക്ഷേ കുറുപ്പ് എത്തിയ സമയം ആൽബിൻ കൊല്ലം കള്ളിക്കാട് എന്ന സ്ഥലത്ത് കൂലിത്തല്ലിന് പോയിരുന്നതിനാൽ ചാക്കോ വധത്തിൽ ഉൾപ്പെടാതെപോയി.
ഒന്നോ രണ്ടോ ദിവസത്തിനുശേഷം സുകുമാരക്കുറുപ്പ് ആലപ്പുഴയിലെ വീട്ടി ലിരുന്നു മദ്യപിക്കുന്നത് ആൽബിൻ കണ്ടിരുന്നു. പിന്നീടാണ് ചാക്കോയെ കൊലപ്പെടുത്തി യതും സുകുമാരക്കുറുപ്പ് ഒളി വിൽ പോയതും അറിയുന്നത്.
അതൊക്കെ പഴയകാലം
ഇന്ന് കുറുപ്പ് സിനിമ വന്നു പോകുന്പോൾ ആൽബിൻ തീർച്ച പറയുന്നു. പിടികിട്ടാപ്പു ള്ളിയായ സുകുമാരക്കുറുപ്പ് മരിച്ച് മണ്ണടിഞ്ഞിട്ടുണ്ടാവും.
എന്നാൽ ആൽബിൻ ഇന്ന് പഴയ ഇറച്ചി ആൽബിനല്ല, മറിച്ച് ബ്രദർ മാത്യു ആൽബിൻ എന്ന കറതീർന്ന ആതുരശുശ്രൂഷക നാണ്.
കള്ളും കഞ്ചാവും കൊല്ലും കൊലയുമായി ജയിലിലും കോടതിയിലും ജീർണിച്ചു തീർന്ന ജീവിതത്തിൽനിന്ന് ഇദ്ദേഹം മാനസാന്തരപ്പെട്ടതു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മനുഷ്യനായാണ്.
ശാന്തിഭവൻ എന്ന അഭയകേന്ദ്രം സ്ഥാപിച്ച് തെരുവിൽ അലയുന്ന അനാഥർക്കും മനോരോ ഗികൾക്കും ആശ്രയമാണ് ഇന്ന് ബ്രദർ ആൽബിൻ.
ആരുമില്ലാത്തവരുടെ അത്താണിയായ മാത്യു ആൽബിൻ കഴിഞ്ഞതിനെയെല്ലാം നിസംഗതയോടെ കാണുന്നു.
കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ആൽബിൻ സെൻട്രൽ ജയിലിലും ഓപ്പണ് ജയിലിലുമായി പതിനൊന്നര വർഷം കഴിഞ്ഞിട്ടുണ്ട്.ആലപ്പുഴ സബ്ജയിലിൽ ഏറെക്കാലം. അങ്ങനെ 24 വർഷത്തെ ജയിൽ ജീവിതം.
ആകാശപ്പറവകളുടെ അത്താ ണിയായിരുന്ന ഫാ.ജോർജ് കുറ്റിക്കൽ, സിസ്റ്റർ ആനി സ്കറിയ, സിസ്റ്റർ കാർമൽ തുടങ്ങിയവരാണ് ആൽബിനെ മാനസാന്തരത്തിലേക്ക് നയിച്ചത്.
ഭാര്യ മേരിയോടൊപ്പം ആൽബിൻ തന്റെ കുടുംബാംഗത്തെയെന്നപോലെയാണ് വിവിധ ഭാഗങ്ങളിൽനിന്നു വന്നുപെട്ട 170 അനാഥർക്ക് സംരക്ഷകനാ വുന്ന ത്. ആൽബിന് മൂന്നു മക്കളും ഏഴ് പേരക്കിടാങ്ങളുമുണ്ട്.
പൊടിയന്റെ ഇടതു നെഞ്ചിൽ കുത്തിയാണ് ഇറച്ചി ആൽബിൻ കൊന്നത്. അതേയിടത്ത് തിരിച്ചു കുത്തു വാങ്ങിയും കൈകാൽ തല്ലിയൊടിച്ചും നട്ടെല്ല് തകർത്തും കുതികാൽ വെട്ടിയും ശരീരമാസകലം ആക്രമിക്കപ്പെട്ടും ഇറച്ചി ആൽബിൻ പലവട്ടം മരണത്തിനു മുന്നിൽ പിടഞ്ഞു.
പക്ഷേ, ആൽബിനെ ദൈവം ഇത്തരമൊരു ലോകത്തേക്ക് നയിച്ചു. മാനസാന്തരത്തിന്റെയും പാപപ്പരിഹാരത്തിന്റെയും ജീവിതമാണ് ശാന്തി ഭവനിൽ ഇന്നു കാണാനാവുക.