ഹരിപ്പാട്: മൂന്നു പ്രതികളും അറസ്റ്റിലായതോടെ കരുവാറ്റ ബാങ്ക് കവർച്ച കേസിന്റെ അന്വേഷണം ഫലപ്രാപ്തിയിൽ. സംഭവത്തിലെ മുഖ്യപ്രതിയായ തിരുവനന്തപുരം കാട്ടാക്കട കട്ടകോട് പാറക്കാണി മേക്കും കരയിൽ ആൽബിൻ രാജ് (38) ആണ് ഇന്നലെ അറസ്റ്റിലായത്.
കോയമ്പത്തൂരിൽ ഉള്ള ഇയാളുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് സിഐ ആർ. ഫയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഇതോടെ കേസിലെ പ്രതികളെല്ലാം പിടിയിലായി.
മറ്റു രണ്ടു പ്രതികളായ ഹരിപ്പാട് സ്വദേശി അപ്പുണ്ണി എന്ന് വിളിക്കുന്ന ഷൈബു, തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഷിബു എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിൽ ആണ്.
ആൽബിൻ രാജിന്റെ ബന്ധുവിന്റെ കോയമ്പത്തൂരിൽ ഉള്ള വീട് കുറച്ചു നാളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.
തൊണ്ടിമുതൽ…
തിരുവനന്തപുരം, കാട്ടാക്കട പ്രദേശങ്ങളിൽ ആൽബിൻ രാജിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു. തൊണ്ടി മുതൽ കണ്ടെടുത്തതായാണ് സൂചന.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഒരു മാസം നീണ്ട സമർഥമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
സെപ്റ്റംബർ മൂന്നിനാണ്
കരുവാറ്റാ സർവീസ് സഹകരണ ബാങ്കിൽ നിന്നും നാലര കിലോ സ്വർണവും നാലര ലക്ഷം രൂപയും മോഷണം പോയത്. ആസൂത്രിതമായി മോഷ്ടാക്കൾ നടത്തിയ മോഷണത്തിലെ പ്രതികളിലേക്കെത്താൻ 350 ഓളം പേരെ ചോദ്യം ചെയ്യുകയും 150 പേരുടെ മൊഴിയെടുക്കും കയും ചെയ്തു.