വരാക്കര (ആമ്പല്ലൂർ): കാൽതെറ്റി കിണറ്റിൽ വീണ രണ്ടു വയസുകാരൻ ആൽബിന് പോളിടെക്നിക് വിദ്യാർഥി രഞ്ജിത്ത് രക്ഷകനായി. വരാക്കര പേർഷ്യൻകുന്നിൽ ചെരടായി സജിയുടേയും റിനിയുടേയും മകനായ ആൽബിനാണു വീട്ടുകിണറ്റിൽ വീണത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ആൽബിൻ സഹോദരനായ അഞ്ചു വയസുകാരൻ ആബേലിനൊപ്പം വീട്ടുമുറ്റത്തു കളിക്കുകയായിരുന്നു. ശബ്ദം കേട്ടു വീട്ടിലുണ്ടായിരുന്ന റിനി വന്നു നോക്കിയപ്പോഴാണ് ആൽബിൻ കിണറ്റിൽ വീണുകിടക്കുന്നതു കണ്ടത്. ഇരുപത്തിയഞ്ചടിയിലധികം താഴ്ചയിൽ വെള്ളത്തിൽ പന്പ്സെറ്റിന്റെ ഫുട്വാൽവിലേയ്ക്കു കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് കയറിൽ പിടിച്ചു കിടക്കുകയായിരുന്നു കുട്ടി.
റിനിയുടെ നിലവിളി കേട്ട് അയൽവാസിയായ ചിരന്പൻ ജോണ്‍സന്റെ മകൻ രഞ്ജിത്ത് ഓടിയെത്തുകയായിരുന്നു.
നീണ്ട പ്ലാസ്റ്റിക് കയർ തുടിക്കാലിൽ കെട്ടി രഞ്ജിത്ത് കിണറ്റിലേക്കിറങ്ങി. പ്ലാസ്റ്റിക് കയറിൽ തൂങ്ങി കിണറ്റിലേക്കിറങ്ങുന്പോൾ കൈവെള്ളയിൽ കയർ ഉരഞ്ഞു ചോര വന്നപ്പോൾ കയറിലെ പിടിവിട്ടു രഞ്ജിത്ത് കിണറ്റിലേക്കു ചാടി. തുടർന്നു വെള്ളത്തിൽ കിടന്ന കുട്ടിയെ ചേർത്തുപിടിച്ചു കയറിൽ തൂങ്ങിക്കിടന്നു.
പതിനൊന്നു കോൽ താഴ്ചയുള്ള കിണറിൽ നിലയില്ലാത്ത വെള്ളമുണ്ടായിരുന്നു. തുടർന്നു വീട്ടുകാർ കയറിൽ കെട്ടിയിറക്കിയ കസേരയിലിരുത്തി ആൽബിനെ പുതുജീവിതത്തിലേക്കു രഞ്ജിത്ത് ഉയർത്തിവിട്ടു. അട്ടപ്പാടിയിൽ പോളിടെക്നിക് അവസാനവർഷ വിദ്യാർഥിയായ രഞ്ജിത്ത് അവധിക്കു വീട്ടിലെത്തിയതാണ്.