-ഐബിൻ കാണ്ടാവനം
നല്ല പേപ്പർ പോലെയുള്ള അരിപ്പത്തിരിക്കൊപ്പം നന്നായി മൊരിഞ്ഞ് എരിവുമുള്ള അല്പം മുയലിറച്ചിക്കൊണ്ടാട്ടം ആയാലോ…? ഒരു വെറൈറ്റി ഉണ്ടല്ലേ… നാവിൽ വെള്ളമൂറാൻ അരിപ്പത്തിരിയും മുയൽ കൊണ്ടാട്ടവും ധാരാളം. ഇതുകൂടാതെ ചിരട്ടപ്പുട്ടും മുയൽ റോസ്റ്റും ഈ ചെറിയ തട്ടുകടയിലുണ്ട്. ഇനി കാര്യത്തിലേക്കു കടക്കാം… എന്തെങ്കിലും വെറൈറ്റി ആയുള്ള ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹത്തിൽ അറയ്ക്കൽ ആൽബിൻ പ്രകാശിയ എന്ന വൈറ്റില സ്വദേശി തുടങ്ങിയ സ്പെഷൽ തട്ടുകടയിലെ വിഭവങ്ങളെക്കുറിച്ചാണ് മുകളിൽ പറഞ്ഞത്.
നാട്ടിൽ എത്രത്തോളം തട്ടുകടകളുണ്ട്. ഈ കടയ്ക്കു മാത്രമെന്താണ് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ, അത് കടയുടെ പേരിൽനിന്നു വ്യക്തം – മുയൽ ഇറച്ചി സ്പെഷൽ തട്ടുകട. അതേ, ഇവിടെ മുയലിറച്ചി മാത്രമേ വിൽക്കുന്നുള്ളൂ…
ദിവസം 10KG മുയലിറച്ചി
പത്തു കിലോ മുയലിറച്ചിയാണ് ജസ്റ്റിൻ ദിവസവും ആൽബിന്റെ വീട്ടിൽ എത്തിക്കുക. ഇത് തികയാറില്ലെങ്കിലും പെട്ടെന്നൊരു വർധനയ്ക്ക് ആൽബിനോ ജസ്റ്റിനോ പദ്ധതിയില്ല. ഇപ്പോൾ മുയൽ വളർത്തൽ താത്കാലികമായി നിർത്തിയെങ്കിലും ജസ്റ്റിൻതന്നെയാണ് ആൽബിന്റെ തട്ടുകടയിലേക്ക് ആവശ്യമായ ഇറച്ചി നല്കുന്നത്. ജസ്റ്റിൻ മുയലുകളെ വളർത്താൻ നല്കിയിരിക്കുന്ന വീടുകളിൽനിന്ന് തിരിച്ചെടുത്താണിത്. ഒപ്പം സുഹൃത്തുക്കളും സഹായിക്കും.
ഉൗബറിലൂടെ അടുക്കളിയിലേക്ക് ശേഷം തട്ടുകടയിലേക്ക്
ഉൗബർ ഈറ്റ്സിലെ ഡെലിവറി ബോയിയായിരിക്കുന്പോഴാണ് എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യണം എന്ന ചിന്ത ആൽബിന്റെ മനസിൽ വന്നത്. ഇത് സുഹൃത്തും സഹപ്രവർത്തകനുമായ കുന്പളങ്ങി സ്വദേശി ജസ്റ്റിനോട് പറഞ്ഞപ്പോൾ മുയൽ ഇറച്ചി ഞാൻ തരാം. നീ ആലോചിക്കാൻ പറഞ്ഞു. അവിടെനിന്നാണ് മുയലിറച്ചി തട്ടുകടയുടെ ജനനം.
എറണാകുളത്തെ ഹോട്ടലുകളുടെ അടുക്കളയിൽനിന്നാണ് ആൽബിൻ ഡെലിവറി ഫുഡ് എടുത്തുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഓരോ ഹോട്ടലിന്റെയും പാചകമേഖല കൃത്യമായി അറിയാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ നല്ല ഫുഡ് ആവശ്യക്കാരിലെത്തിക്കാൻ തട്ടുകട തുടങ്ങുകയായിരുന്നു. മുയൽ ബിരിയാണിയായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും വൈകുന്നേരങ്ങളിൽ ബിരിയാണിക്ക് ആവശ്യക്കാർ കുറവാകുമെന്ന ബോധ്യം മുയൽ കൊണ്ടാട്ടവും റോസ്റ്റും ചിരട്ടപ്പുട്ടും പത്തരിയും വെള്ളയപ്പവും വിഭവങ്ങളായി. ഇതിനൊപ്പം പുതിനച്ചായയുമുണ്ട്.
പാത്രങ്ങളിലുംപ്രത്യേകത
വ്യത്യസ്തത എപ്പോഴും മലയാളികൾക്ക് പ്രിയമാണ്. അതുകൊണ്ടുതന്നെ ഇവിടെ ഭക്ഷണം വിളന്പുന്ന പാത്രത്തിനുമുണ്ട് പ്രത്യേകത. മണ്പ്ലേറ്റിൽ പുട്ടോ പത്തിരിയോ നല്കുന്പോൾ കറി നല്കുന്നത് ഡിസ്പോസിബിൾ എക്കോഫ്രണ്ട്ലി പാളപ്പാത്രത്തിലാണ്. ഭക്ഷണം പാർസൽ നല്കാനും ഈ പാളപ്പാത്രമാണ് ഉപയോഗിക്കുന്നത്. തട്ടുകടയിൽ രണ്ടു സഹായികളും ആൽബിനുണ്ട്.
7 to 12
വൈകുന്നേരം ഏഴു മുതൽ 12 വരെയാണ് പ്രവർത്തനസമയമെങ്കിലും ഒന്പതു മണിയാകുന്പേഴേക്കും ഭക്ഷണം പൂർണമായും തീരും. ക്രിസ്പി കൊണ്ടാട്ടം ആയതിനാൽ ആരാധകർ ഏറെയുണ്ട്. അതുകൊണ്ടുതന്നെ അതു കഴിക്കാൻ ഭക്ഷണപ്രേമികൾ നേരത്തെയെത്താറുണ്ട്. മുയലിറച്ചി ഇഷ്ടപ്പെടുന്ന സ്ഥിരം കസ്റ്റമേഴ്സും ഇപ്പോഴുണ്ട്.
പാചകക്കാരി അമ്മ
അമ്മ മോളിയുടെ കൈപ്പുണ്യത്തിന്റെ നിറവിലാണ് ഓരോ വിഭവവും തയാറാക്കുക. ഉച്ചയോടെ ആൽബിനും അമ്മയും പാചകത്തിലേക്കു തിരിയും. പിതാവ് റോബിൻ പ്രകാശിയയും ഇരുവർക്കുമൊപ്പം സഹായത്തിനുണ്ടാകും. വൈകുന്നേരമാകുന്പോഴേക്കും വിഭവങ്ങൾ റെഡി. പിന്നീട് വൈറ്റിലയിൽനിന്ന് കാറിൽ നേരേ മറൈൻ ഡ്രൈവ് പച്ചാളം ക്വീൻസ് വാക്വേയിലേക്ക്. ടാറ്റയുടെ ഫ്ലാറ്റിനു സമീപമാണ് മുയൽ ഇറച്ചി സ്പെഷൽ തട്ടുകട.
പുതിയ വിഭവങ്ങൾ വൈകാതെ
മുയൽ സൂപ്പ് വൈകാതെ തട്ടുകടയിലെത്തും.
മുയലിറച്ചിക്ക് ഗുണമേറെ
മുയലിറച്ചിയുടെ ഗുണങ്ങളും പ്രത്യേകതകളും ചൂണ്ടിക്കാണിക്കുന്ന പ്രത്യേക ബോർഡും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രോട്ടീൻ അളവ് കൂടുതൽ, കുറഞ്ഞ ഫാറ്റ്, കലോറി കുറവ് എന്നിവയൊക്കെയാണ് മുയലിറച്ചിയുടെ പ്രധാന ഗുണങ്ങൾ.