തിരുവല്ല: മണിമലയാറ്റില്‍ ചാടിയ യുവതിയെ 14 വയസുകാരന് അതി സാഹസികമായി രക്ഷപെടുത്തി.
കുറ്റൂര്‍ തെങ്ങേലി പാപ്പനാവേലില്‍ വീട്ടില്‍ ബാബു – ആന്‍സി ദമ്പതികളുടെ മകനും ഇരുവള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ആല്ബിന് ചാക്കോയാണ് കുന്നന്താനം പുളിന്താനം ചാമക്കാലായില്‍ തങ്കമണി (39)യ്ക്കു രക്ഷകനായത്. ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം.
തിരുമൂലപുരത്തെ കടവിനു സമീപത്ത് നിന്നും തങ്കമണി ആറ്റിലേക്ക് ചാടുന്നത് നദിയുടെ ഇക്കരെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ആല്ബിന് കാണുകയായിരുന്നു.
തങ്കമണി വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നത് കണ്ട് ആല്ബിന് നദിക്ക് കുറുകെ നീന്തി അക്കരയെത്തി തങ്കമണിയെ രക്ഷപെടുത്തി കരയ്ക്ക് എത്തിച്ചു.
തുടര്‍ന്ന് കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. സഞ്ജുവും ആല്‍ബിന്റെ പിതാവ് ബാബുവും ചേര്‍ന്ന് യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുടുംബപ്രശ്നങ്ങള്‍ കാരണം ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് നിഗമനം.