കൊച്ചി: പ്രണയവും യുവത്വവും ആഘോഷമാക്കുന്ന സംഗീത ആൽബവുമായി ഒരു കൂട്ടം ചെറുപ്പക്കാർ. യുവത്വം ആഘോഷമാക്കുന്ന പ്രണയദിനത്തിൽ ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രണയവും തമാശകളുമാണ് ’പ്രാണ- ബി മൈ വാല’ എന്ന് പേരിട്ടിരിക്കുന്ന സംഗീത ആൽബത്തിന്റെ പ്രമേയം. തമിഴിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള നയനയാണ് ആൽബത്തിലെ നായിക.
അശ്വിൻ, അഭിജിത്ത്, ശിവരാജ് തുടുങ്ങിയ പുതുമുഖങ്ങളെ കൂടാതെ ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോ അഥിതി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ എഡിറ്ററായും പരസ്യ സംവിധായകനായും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ബിബിൻ പോൾ സാമുവലാണ് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കഥയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നതും ഇദ്ദേഹം തന്നെ. രാജേന്ദ്ര പ്രസാദാണ് നിർമാതാവ്. നവാഗതനായ ജയപ്രകാശ് ജനാർദനനാണ് സംഗീത സംവിധായകൻ. പ്രണയം പ്രമേയമായ പാട്ടുകൾ രചിച്ചിരിക്കുന്നത് ഡെറിയും ഹരികൃഷ്ണനുമാണ്. സച്ചിൻ വാര്യരാണ് ഗായകൻ. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അൻജോയ് സാമുവലാണ്. ആൽബത്തിന്റെ യൂ ട്യൂബ് റിലീസ് ഇന്നലെ നടന്നു.