തൃശൂർ: തൃശൂർ സ്വദേശിനിയായ ബാലികയുടെ സംഗീത ആൽബം ഫേസ്ബുക്കിൽ തരംഗമാകുന്നു. സംഗീത വിദ്യാർഥിനിയും വരവൂർ ചിറ്റണ്ട സ്വദേശിനിയുമായ ദിശ പ്രകാശ് ആലപിച്ച തളിരൂഞ്ഞാൽ എന്ന ആൽബമാണ് അപ്ലോഡ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഏഴുലക്ഷത്തോളം ആളുകൾ കണ്ടത്. ഈ മാസം ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആൽബം ഇതുവരെ നാലായിരത്തോളം പേർ ഷെയർ ചെയ്തുകഴിഞ്ഞു.
ദിവസേന 50,000 ലൈക്കുകൾ വീതമാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. കവി സി. രാമചന്ദ്രമേനോന്റെ ആ വഴി ഈ വഴി പൂ വഴിയെ.. പുഴയൊഴുകും കരവഴിയെ എന്ന വരികൾക്കു ജയരാജ് മേനോനാണ് ഈണം നൽകിയിരിക്കുന്നത്. ജയരാജ് മേനോന്റെ വർഷ രാഗം എന്ന സംഗീത ആൽബം നേരത്തെ യൂ ട്യൂബിൽ ഹിറ്റായിരുന്നു. പതിനൊന്നുവയസുകാരിയായ ദിശ പ്രകാശ് കെ.എസ്. പ്രകാശിന്റെയും വിജി പ്രകാശിന്റെയും മകളാണ്.