ലണ്ടൻ: വിംബിൾഡൺ ടെന്നീസ് ചാന്പ്യൻഷിപ്പിൽ സ്പെയിനിന്റെ യുവ സൂപ്പർ സ്റ്റാർ കാർലോസ് അൽകാരസ് കളിക്കുമെന്ന് ഉറപ്പായി. പരിക്കിനെത്തുടർന്ന് അൽകാരസ് പിന്മാറിയേക്കുമെന്ന ആശങ്ക ഇതോടെ വിട്ടൊഴിഞ്ഞു.
പുരുഷ സിംഗിൾസിൽ നിലവിലെ ലോക ഒന്നാം നന്പർ താരമാണ് ഇരുപതുകാരനായ കാർലോസ് അൽകാരസ്. പരിക്കിന്റെ ആശങ്കയെത്തുടർന്ന് വിംബിൾഡണിനു മുന്നോടിയായുള്ള പുൽക്കോർട്ട് ടൂർണമെന്റായ ഹർലിംഗ്ഹാം ക്ലാസിക്കിൽനിന്ന് അൽകാരസ് വിട്ടുനിന്നിരുന്നു.
ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടതോടെ ലോക ഒന്നാം നന്പർ സ്ഥാനം അൽകാരസിനു നഷ്ടപ്പെട്ടിരുന്നു.
ക്വീൻസ് ക്ലബ് ചാന്പ്യൻഷിപ്പ് ജയിച്ചതാണ് അൽകാരസിനെ തിരികെ ലോക ഒന്നാം നന്പറിൽ എത്തിയത്. ജൂലൈ മൂന്നിനാണ് സീസണിലെ മൂന്നാം ഗ്രാൻസ്ലാം ടൂർണമെന്റായ 2023 വിംബിൾഡൺ ടെന്നീസ് ആരംഭിക്കുക.