നെന്മാറ: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ആള് അന്വേഷിച്ചുചെന്ന പോലീസിനെയും മര്‍ദിച്ചു. നെന്മാറ അയിലൂര്‍ റോഡിലുള്ള വേട്ടക്കൊരു മകന് കാവ് നെല്ലിക്കുളത്തി ഭഗവതി മൂലസ്ഥാനം ക്ഷേത്രഗോപുരത്തിന്റെ പടിപ്പുരയുടെ ചുമരും വാതിലും ഓടുകളും കാറിടിച്ചു നശിപ്പിച്ച അയിനം പാടം രഞ്ജിത്ത് (27) ആണ് പോലീസിനെയും ആക്രമിച്ചത്.
ഇന്നലെയായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ചാണ് ക്ഷേത്രത്തിന് കേടുപാടുകള്‍ പറ്റിയത്. ഇതു ചോദ്യം ചെയ്ത പ്രദേശവാസികളെ ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഇയാൾക്കെതിരേ നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെന്മാറ പോലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പോലീസുകാരില്‍ ഒരാളുടെ മുഖത്ത് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ക്ഷേത്രത്തിന്റെ പടിപ്പുര തകര്‍ത്തതിനും മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനും പോലീസുകാരെ കൈയേറ്റം ചെയ്ത് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.