കൊച്ചി: മദ്യത്തിന്റെ മണമുണ്ടെന്നതു കൊണ്ടു മാത്രം ഒരാള് മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാകില്ലെന്നും സ്വകാര്യ സ്ഥലത്ത് മറ്റുള്ളവര്ക്ക് ശല്യമുണ്ടാക്കാതെ മദ്യപിക്കുന്നതു കുറ്റകരമല്ലെന്നും ഹൈക്കോടതി.
മണല്വാരല് കേസിലെ ഒരു പ്രതിയെ തിരിച്ചറിയാന് പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയിട്ട് മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയെന്നാരോപിച്ച് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജിയിലാണ് ജസ്റ്റീസ് സോഫി തോമസിന്റെ നിരീക്ഷണം.
കൊല്ലം സ്വദേശിയായ സലിംകുമാര് നല്കിയ ഹര്ജി ഹൈക്കോടതി റദ്ദാക്കി. വില്ലേജ് അസിസ്റ്റന്റായ ഹര്ജിക്കാരനെതിരെ കാസര്ഗോഡ് ബദിയഡുക്ക പോലീസ് രജിസ്റ്റര് ചെയ്ത കേസും സിംഗിള് ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.
2013 ഫെബ്രുവരി 26നാണ് സംഭവം നടന്നത്. പ്രതിയെ തിരിച്ചറിയാന് സ്റ്റേഷനിലെത്തണമെന്ന് പോലീസ് അറിയിച്ചതിനെ തുടര്ന്ന് വൈകുന്നേരം ഏഴിന് ഹര്ജിക്കാരന് എത്തി. എന്നാല് പ്രതിയെ തിരിച്ചറിയാന് കഴിഞ്ഞില്ല.
ഇതിനെത്തുടര്ന്ന് മദ്യപിച്ചു ബഹളമുണ്ടാക്കിയെന്നാരോപിച്ച് പോലീസ് തനിക്കെതിരേ കള്ളക്കേസ് എടുത്തെന്നായിരുന്നു ഹര്ജിക്കാരന്റെ വാദം.
സലിംകുമാര് മദ്യപിച്ചിരുന്നെന്ന് സമ്മതിച്ചാല് തന്നെ പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്റ്റേഷനിലെത്തിയതെന്ന് കോടതി പറഞ്ഞു.
ആ നിലയ്ക്ക് പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കിയെന്നു പറയാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.