കൊച്ചി: ഡിജെ പാർട്ടിക്കായി അനധികൃതമായി മദ്യം സൂക്ഷിക്കുകയും അനുമതിയില്ലാതെ വില്പന നടത്തുകയും ചെയ്ത കേസിൽ ലിസി ജംഗ്ഷനിലെ ഫോർ സ്റ്റാർ ഹോട്ടൽ മാനേജറെ എക്സൈസ് അറസ്റ്റു ചെയ്തു.
പാലക്കാട് ചിറ്റൂർ വണ്ടിത്താവളം തുറയോരത്ത് വീട്ടിൽ സതീഷ് (30) ആണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. പിഴയും ഈടാക്കി.
ഡിജെ പാർട്ടി നടന്ന ഹാളിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന 40 ലിറ്റർ ബിയറും 8.9 ലിറ്റർ വിദേശ മദ്യവും എക്സൈസ് പിടികൂടി.
ലൈസൻസ് നിബന്ധനകൾക്ക് വിരുദ്ധമായി അനുമതിയില്ലാത്തിടത്ത് മദ്യം വിതരണം ചെയ്തതിനാണ് കേസ്.
പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെ പാർട്ടിയിലും അനധികൃതമായി മദ്യം വിതരണം ചെയ്തതിനും ഹോട്ടലിനെതിരേ കേസ് എടുക്കുകയുണ്ടായി.