കുണ്ടറ: അമിതമായ മദ്യപാനം ഒരു യുവാവിന്റെ ജീവൻ കൂടി നഷ്ടമാക്കി .
അനിയന്ത്രിതമായി തുടർന്നുവന്ന മദ്യപാനം തകർത്തെറിഞ്ഞത് ഒരു ജീവനെ ആണ്.
നാലുവർഷം മുമ്പ് കേരളപുരത്തെ സുനിൽ കുമാറിന്റെ ഭാര്യയും മകനും ഉപേക്ഷിച്ചു പോയതോടെ സുനിൽകുമാറിൽ മദ്യസേവ പതിൻമടങ്ങ് വർധിക്കുകയായിരുന്നു.
ആകുടുംബം ശിഥിലമായത് മദ്യപാനം മൂലമാണ്. മദ്യപാനികളായ കൂട്ടുകാർക്കും അയൽക്കാർക്കും സുനിൽ കുമാറിന്റെ വീട് ഒരു ഇടത്താവളമായി.
കൂലി വേല ചെയ്തു കിട്ടുന്ന തുച്ഛമായ പണത്തിൽ അധികവും ചെലവഴിച്ചത് മദ്യം വാങ്ങുന്നതിന് മാത്രം.
അതിന്റെ പങ്ക് ലഭിക്കാത്ത മദ്യപാനികൾ പരിഭവത്തിലുമായി.എല്ലാവരോടും ഭവ്യമായി മാത്രം സംസാരിച്ചും ഇടപെട്ടും കഴിഞ്ഞിരുന്ന യുവാവ് സന്ധ്യകളിൽ മദ്യപിക്കുമ്പോൾ മാത്രം ക്ഷുഭിതനാകുന്നത് നാട്ടുകാർക്ക് പരിചിതമായ അനുഭവമായിരുന്നു.
എങ്കിലും ആരും പരാതിപ്പെട്ടിരുന്നില്ല. മദ്യപാനികളോട് താൽപര്യമില്ലെങ്കിലും സുനിൽ കുമാറിന്റെ കൊലപാതകം നാടിന് നൊമ്പരമായി.