തുറവൂർ/ഹരിപ്പാട്: ലോക്ക് ഡൗണും നിരോധനാജ്ഞയും നിലനിൽക്കെ ആലപ്പുഴ ജില്ലയിലെ ദേശീയപാതയിൽ ഇന്നലെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ.
ഇന്നലെ രാവിലെ 10.30 ന് പൊന്നാംവെളി കവലയിൽ ഉണ്ടായ അപകടത്തിൽ രണ്ടു പേരും ഹരിപ്പാടുണ്ടായ അപകടത്തിൽ ഒരാളുമാണ് മരിച്ചത്.
പട്ടണക്കാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പുളിംപറന്പിൽ അപ്പച്ചൻ (72), സ്കൂട്ടർ യാത്രികൻ എറണാകുളം ചെല്ലാനം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പരേതനായ സോളമൻറ മകൻ ജോയി (65) എന്നിവരാണ് മരിച്ചത്.
റേഷൻ കടയിൽ നിന്ന് അരിയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് പോകുകയായിരുന്നു അപ്പച്ചൻ. നിയന്ത്രണം വിട്ടു വന്ന ഗ്യാസ് ടാങ്കർ ലോറി ഇയാളെ ഇടിച്ചിടുകയുംം ലോറിയുടെ ടയർ തലയിലൂടെ കയറി ഇറങ്ങുകയും ചെയ്തു.
ഇദ്ദേഹം തൽക്ഷണം മരിച്ചു. മുന്നോട്ടു നീങ്ങിയ ലോറി മറ്റൊരു സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രികൻ ജോയി മരിച്ചത്. ഈ സമയം ഇവിടെ ബാരിക്കേട് തീർത്ത് വാഹനങ്ങളെ നിയന്ത്രിച്ചിരുന്ന പട്ടണക്കാട് പോലീസ് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
കൂടാതെ ഗ്യാസ് ടാങ്കർ ലോറി മറിയാതെ നിന്നതും ഒരു പ്രദേശത്തെ തന്നെ രക്ഷിച്ചു. ഹരിപ്പാടുണ്ടായ വാഹനാപകടത്തിൽ ആബുലൻസ് സ്ക്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. താമല്ലാക്കൽ പുത്തൻതറയിൽ (അശ്വതി) ജനാർദനന്റെ മകൻ മോഹനൻ ( 62 ) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപമായിരുന്നു അപകടം.
ഇടറോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറിയ മോഹനന്റെ സ്കൂട്ടറിൽ കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് ഇടിച്ചത്. ഉടൻ തന്നെ അപകടത്തിൽപ്പെട്ട ആംബുലൻസിൽ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ദേശീയപാതയിൽ വാഹനങ്ങൾ നന്നേ കുറവായിട്ടും ശക്തമായ പോലീസ് പരിശോധനയുണ്ടായിട്ടും ഉണ്ടായ അപകടങ്ങൾ ആശങ്കയുളവാക്കുന്നതാണ്. ഗ്യാസ് ടാങ്കർ ലോറിയുടെ ഡ്രൈവർ ഉറങ്ങിയതാകാം പട്ടണക്കാട് ഉണ്ടായ അപകടത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
അപ്പച്ചന്റെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശാന്ത. മക്കൾ: അനുപമ, അഭിലാഷ്. മരുമക്കൾ: അരുണ്, രസിത.
ജോയിയുടെ മൃതദേഹം തുറവൂർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ചെല്ലാനം സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: റീത്താമ്മ. മക്കൾ: സുമ,ഷൈജ, സജീവൻ . മോഹനന്റെ ഭാര്യ: മണിയമ്മ. മക്കൾ: മോനിഷ(സൗദി) മോഹിത. മരുമക്കൾ: വിഷ്ണു(സൗദി) രാഹുൽ(കുവൈറ്റ് )