മദ്യപിച്ച് പല അബദ്ധങ്ങളും പറ്റുന്നവരെ കണ്ടിട്ടുണ്ടാകുമല്ലോ. മദ്യപിച്ച സമയത്ത് ചെയ്തതൊന്നും ബോധം വരുന്പോൾ പലർക്കും ഓർമയുണ്ടാകില്ല.
പലപ്പോഴും ചെയ്യുന്നതൊക്കെ അബദ്ധവുമായിരിക്കും. അങ്ങനെയൊരു അബദ്ധത്തിന്റെ കഥയാണിത്.
എന്റെ ബാഗ്
ട്വിറ്ററിൽ റബേക്ക എന്ന യുവതി പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് വൈറലായതും പലരെയും ഏറെ ചിരിപ്പിച്ചതും.
റബേക്കയുടെ സഹോദരി തലേദിവസം രാത്രി ഒരു പാർട്ടിക്കു പോയി. നന്നായി മദ്യപിച്ചു. അവസാനം ബോധം പോകുന്ന അവസ്ഥയിലെത്തി.
അവസാനം ഒരു കൂട്ടുകാരിയുടെ അമ്മയാണ് വീട്ടിലെത്തിച്ചത്. വീട്ടിലെത്തുന്പോൾ കയ്യിലൊരു ബാഗുണ്ടായിരുന്നു. എല്ലാവരും അത് കണ്ടതുമാണ്.
പക്ഷേ, രാവിലെ ഉണർന്നു തലേ ദിവസത്തെ കാര്യങ്ങളൊക്കെ ആലോചിച്ചപ്പോഴാണ് അവൾ ബാഗിനെക്കുറിച്ച് ഓർക്കുന്നത്.
ഇതെന്താ ഇവിടെ
വീട്ടുകാർ പറഞ്ഞു നിന്റെ കയ്യിൽ ബാഗുണ്ടായിരുന്നുവെന്ന്. പക്ഷേ, സാധനം കാണുന്നില്ല. അങ്ങനെ അന്വേഷണം തുടങ്ങി.
പരിശോധനയ്ക്കിടയിലാണ് ചാര നിറത്തിലുള്ള ലെതറിന്റെ നിസാൻ എന്ന് എഴുതിയ പൗച്ച് കാണുന്നത്.
തുറന്നുനോക്കിയപ്പോൾ ഒരു കാറിന്റെ പ്രധാന രേഖകളെല്ലാം അടങ്ങിയ ബാഗായിരുന്നു അത്. അടുത്ത ആലോചന ഇതെങ്ങെനെ ഇവിടെയെത്തി എന്നതിനെക്കുറിച്ചായി.
അവസാനം പറ്റിയ അബദ്ധം മനസിലായി. എപ്പോഴും ബാഗ് കൂടെ കൊണ്ടു നടക്കുന്ന അവൾ മദ്യപിച്ച് അബോധാവസ്ഥയിൽ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്റെ ബാഗാണെന്നു കരുതിയാണ് കാറിന്റെ ലോഗ് ബുക്ക് അടങ്ങിയ ബാഗും എടുത്തു പോന്നത്!
കഥകൾ നിരവധി
ട്വീറ്റ് വൈറലായി, 52,000 ലൈക്കുകളും 2,000 റീട്വീറ്റുകളും നേടി.കൂടാതെ ഇത് ഇൻസ്റ്റാഗ്രാമിൽ വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതോടെ കൂടുതൽ വൈറലായി. ഈ അബദ്ധം കണ്ട പലരും തങ്ങൾക്കും തങ്ങളുടെ പരിചയത്തിലുള്ളവർക്കും മദ്യപിച്ച് പറ്റിയ അബദ്ധങ്ങളെക്കുറിച്ചുള്ള കഥകൾ പങ്കുവെയ്ക്കാൻ തുടങ്ങി.
ഒരാൾ പറഞ്ഞു. എന്റെ സഹോദരി ഒരിക്കൽ പബിൽ തൂക്കിയിട്ട കൊട്ട എടുത്ത് അവളുടെ ബാഗ് ഉപേക്ഷിച്ചു പോന്നു.
മറ്റൊരാൾ എഴുതി: “ഞാൻ മദ്യപിച്ചിരുന്ന സമയത്തെ ഇത് ഓർമപ്പെടുത്തുന്നു, ഞാൻ എന്റെ വാലറ്റ് ഒരു കബാബ് കടയിൽ ഉപേക്ഷിച്ച് അതിന്റെ സ്ഥാനത്ത് ഒരു കഷണം ഇറച്ചി എടുത്തു.
ടാക്സിക്ക് പണമടയ്ക്കാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ ഒരുമാതിരി നോട്ടം. അപ്പോൾ മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്.അവസാനം പണമടയ്ക്കാനായി എന്റെ കാറിന്റെ താക്കോലുകൾ അദ്ദേഹത്തിന് നൽകേണ്ടിവന്നു.
എന്റെ സുഹൃത്ത് ബാഗ് കാണാനില്ലെന്ന് സെക്യൂരിറ്റി ഗാർഡിനോട് പരാതി പറഞ്ഞ് വീട്ടിലെത്തി. കണ്ണാടിയിൽ നോക്കിയപ്പോൾ തന്റെ തോളിൽ ബാഗ് കിടക്കുന്നു.
അവസാനം സെക്യൂരിറ്റിയുടെ അടുത്ത് ചെന്ന് ബാഗ് തന്റെ കയ്യിലുണ്ടെന്ന് അറിയിച്ചു. ഇത് വായിച്ചപ്പോൾ ഞാൻ അതോർത്ത് വീണ്ടു ചിരിച്ചുവെന്നും ഒരാൾ കമന്റ് ചെയ്തു.