പത്തനംതിട്ട: മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പോലീസ് പുറത്തിറക്കിയ ആല്‍ക്കോ സ്കാന്‍ വാന്‍ ജില്ലാ പോലീസ് മേധാവി ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലാ പോലീസ് ആസ്ഥാനത്താണ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് വാനിന്റെ യാത്രയ്ക്ക് കൊടികാട്ടിയത്.
മദ്യം, സിന്തറ്റിക് ലഹരിമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവരെ കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാനാണ് നിരത്തിലിറങ്ങിയത്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഓരോ ദിവസം ഉപയോഗപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഫ്ളാഗ് ഓഫ് ചടങ്ങില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സാബു, ഡിസിആര്‍ബി ഡിവൈഎസ്പി എസ്. വിദ്യാധരന്, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന്, പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏതുതരം ലഹരിയും മിനിറ്റുകള്‍ക്കുള്ളില്‍ അറിയാം
മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തില്‍ തയാറാക്കിയിട്ടുള്ളത്. ഉമിനീര് പരിശോധനയിലൂടെയാണ് കഞ്ചാവ്, എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസലഹരികള്‍ എന്നിവയുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക.
ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഫലം ലഭ്യമാക്കാനാകും പ്രിന്റും ലഭിക്കും.
ആളിനെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല. മെഷീനുകള്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയ പോലീസുദ്യോഗസ്ഥനെ വാനില്‍ നിയോഗിച്ചിട്ടുണ്ട്.
കാട്രിഡ്ജ് വായില്‍ കടത്തി ഉമിനീര് ശേഖരിച്ചശേഷമാണ് ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുക. രണ്ടര ലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന് വിശദീകരിച്ചു.
പൂര്‍ണമായും ശീതീകരിച്ചതാണ് വാഹനം. ലഹരിമരുന്നുപയോഗം കണ്ടെത്താന്‍ നിലവിലുള്ള പരിമിതികള്‍ മറികടക്കുന്നതാണ് പുതിയ സംവിധാനം.
മദ്യം, മയക്കുമരുന്നുകള്‍ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ കര്‍ശന നിയമനടപടികള്‍ക്ക് വിധേയരാക്കാന്‍ പുതിയ സംവിധാനം പ്രയോജനപ്പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.