ന്യൂയോർക്ക്: മദ്യം കാൻസറിനു കാരണമാകും. മദ്യപാനത്തിന്റെ തോത് കൂടുംതോറും കാൻസർ സാധ്യതയുടെ തോതും കൂടും. കാൻസർ ചികിത്സകരുടെ സംഘടനയായ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി (ആസ്കോ) എത്തിച്ചേർന്ന നിഗമനമാണിത്. വായ, തൊണ്ട, ശ്വാസനാളദ്വാരം, അന്നനാളം, വൻകുടൽ, മലദ്വാരം, കരൾ എന്നിവിടങ്ങളിലെ കാൻസറും മദ്യപാനവുമായി നേരിട്ടുള്ള ബന്ധമാണു കണ്ടെത്തിയത്. സ്ത്രീകളുടെ സ്തനാർബുദത്തിലും മദ്യം പങ്കുവഹിക്കുന്നു.
കാൻസർ രോഗബാധയിൽ 5.5 ശതമാനവും കാൻസർ മരണങ്ങളിൽ 5.8 ശതമാനവും മദ്യം മൂലമാണെന്ന് ആസ്കോ പറയുന്നു. പഠനറിപ്പോർട്ട് ആസ്കോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
മിതമായി മദ്യപിക്കുന്നവരിൽ (ആഴ്ചയിൽ 14 പെഗിൽ താഴെ) ഒട്ടും മദ്യപിക്കാത്തവരുടെ ഇരട്ടി സാധ്യതയാണു കാൻസർ ബാധയ്ക്കുള്ളത്. ആഴ്ചയിൽ 15 പെഗിലധികം കഴിക്കുന്നവർക്കു മദ്യപിക്കാത്തവരേക്കാൾ പല മടങ്ങു കൂടുതലാണു കാൻസർ ബാധയുടെ സാധ്യത. ഇവർക്ക് വായ, തൊണ്ട, അന്നനാളം എന്നിവയിൽ കാൻസർ പിടിക്കാനുള്ള സാധ്യത അഞ്ചിരട്ടിയാണ്.
ശ്വാസനാളദ്വാര കാൻസറിനുള്ള സാധ്യത മൂന്നിരട്ടി; കരളിൽ കാൻസർ പിടിക്കാനുള്ള സാധ്യത ഇരട്ടിയും. മദ്യവില്പനയ്ക്കും പരസ്യത്തിനും നിയന്ത്രണം വേണമെന്നും പ്രായപൂർത്തിയാകാത്തവർക്കു മദ്യം വിൽക്കരുതെന്നും ചില്ലറ വില്പനയിൽ നിയന്ത്രണം ഉള്ളിടത്ത് അത് കുറയ്ക്കരുതെന്നും ആസ്കോ പ്രസിഡന്റ് ബ്രൂസ് ജോൺസൺ ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ-മാഡിസണിലെ അസോസ്യേറ്റ് പ്രഫസർ ഡോ. നോയൽ ലോകോന്ത് ആണ് ആസ്കോയുടെ പഠനത്തിനു നേതൃത്വം നല്കിയത്. അവർ പറഞ്ഞു: കാൻസർ സാധ്യത കുറയ്ക്കണോ, മദ്യപാനം കുറയ്ക്കൂ. മദ്യപിക്കാത്തവരാണെങ്കിൽ അതു തുടങ്ങുകയേ വേണ്ട.
വില്ലൻ അസെറ്റാൽഡിഹൈഡ്
മദ്യം അപകടകാരിയാകുന്നതിന് മുഖ്യകാരണം മനുഷ്യശരീരത്തിൽ മദ്യം വിഘടിച്ചുണ്ടാകുന്ന അസെറ്റാൽഡിഹൈഡ് ആണ്. ഈ രാസവസ്തു കാൻസർ ഉണ്ടാക്കുന്നതാണെന്നു മുന്പേ തെളിഞ്ഞിട്ടുണ്ട്. മദ്യം വായിൽ ചെല്ലുന്നതോടെ വിഘടിച്ച് അസെറ്റാൽഡിഹൈഡ് ഉണ്ടാകുന്നു. അതുമൂലമാണ് വായിലും ശ്വാസനാളദ്വാരത്തിലും അന്നനാളത്തിലുമുള്ള കാൻസറിനു കൂടുതൽ സാധ്യതവരുന്നത്: അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് സൂസൻ ഗാപ്സ്റ്റർ പറഞ്ഞു.