റായ്പുർ: ഛത്തീസ്ഗഡിൽ മദ്യത്തിനു പകരം ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്ന് കഴിച്ച മൂന്ന് യുവാക്കൾ മരിച്ചു.
റായ്പുരിലെ പന്ദ്രിയിലായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഞായറാഴ്ചയാണ് വിവരം പുറത്തറിയുന്നത്.
മരിച്ച ആരാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതോടെയാണ് വിവരം പുറത്തായത്. മനീഷ് വർമ (37), ദൽവീർ സിംഗ് പർമർ (25), ബൽവീന്ദർ സിംഗ് (29) എന്നിവരാണ് മരിച്ചത്.
ഏഴാം തീയതി മനീഷ് വർമ വീട്ടിൽവച്ച് മരിച്ചു. ഇതേ ദിവസം തന്നെ മറ്റ് രണ്ട് പേരും ആശുപത്രിയിൽ മരണപ്പെട്ടു.
കോവിഡ് മൂലമാണ് വർമ മരിച്ചതെന്ന് സംശയിച്ച് കുടുംബം അന്ന് തന്നെ സംസ്കാരം നടത്തി. എന്നാൽ ദല്‍വീർ സിംഗിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആൽക്കഹോൾ ഉള്ളിൽച്ചെന്നാണ് മരണമെന്ന് കണ്ടെത്തി.
പർമർ മരിച്ചത് ഹൃദായാഘതത്തെ തുടർന്നാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്.
മൂന്നുപേരും ഒരുമിച്ച് ഹോമിയോ മരുന്ന് കഴിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. ഏത് മരുന്നാണ് അവർ കഴിച്ചതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.