ലോകത്ത് കോവിഡിന്റെ രണ്ടാം തരംഗവും മൂന്നാംതരംഗവുമൊക്കെ ആഞ്ഞടിക്കുമ്പോള്‍ വാക്സിന് എടുക്കാനുള്ള നെട്ടോട്ടത്തിലാണ് ആളുകളെല്ലാം.
എന്നാല്‍ വാക്സിനെടുക്കുന്നവര്‍ക്ക് മദ്യപിക്കാമോ എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. എന്നാല്‍ വാക്സിന് എടുക്കുന്നതിന് മുന്‍പും അതിനുശേഷവും അമിതമായി മദ്യപിക്കരുതെന്ന് അമേരിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം, അമിതമായ മദ്യപാനം, കൊറോണ വാക്സിന്റെ പ്രഭാവത്തെ ഇല്ലാതെയാക്കുമെന്ന് തെളിയിക്കാന്‍ നിലവില്‍ തെളിവുകളൊന്നും ഇല്ലെന്നും അവര്‍ പറയുന്നു.
എന്നാല്‍, ചില പഠനങ്ങളില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിഗമനം, തുടര്‍ച്ചയായി അമിത അളവില്‍ മദ്യപിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നശിപ്പിക്കും എന്നുമാത്രമല്ല, വാക്സിന് എടുക്കുന്ന സമയത്തിന് തൊട്ടുമുന്‍പും ശേഷവുമുള്ള മദ്യപാനം ശരീരത്തില്‍ ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കുന്നതിന് തടസ്സമാകുകയും ചെയ്യും എന്നാണ്.
അതേസമയം, ദിവസേന രണ്ട് പെഗ്ഗ് വരെ കഴിക്കുന്ന പുരുഷന്മാരിലും ഒരു ഡ്രിങ്ക് കഴിക്കുന്ന സ്ത്രീകളിലും ഇതുകൊണ്ട് ദോഷമൊന്നും ഉണ്ടാകുന്നില്ലെന്നും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് ഡയറക്ടര്‍ ഇഹെം മെസൗദി പറയുന്നു.
ഒരു ഡ്രിങ്ക് എന്നു പറഞ്ഞാല്‍ 355 മില്ലീ ലിറ്റര്‍ ബിയര്‍ അല്ലെങ്കില്‍ 150 മില്ലി ലീറ്റര്‍ വൈന്‍ അല്ലെങ്കില്‍ 230 മില്ലി ലിറ്റര്‍ മാള്‍ട്ടില്‍ നിന്നും ഉണ്ടാക്കുന്ന മദ്യം എന്നിങ്ങനെയാണ്. മൊത്തം മദ്യത്തില്‍ 40 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ മദ്യമാണെങ്കില്‍ 44 മില്ലി ലിറ്ററില്‍ കൂടുതല്‍ ഒരു ദിവസം കഴിക്കരുത്.
ഇന്ന് ഇന്ത്യയില്‍ ലഭിക്കുന്ന വിദേശമദ്യങ്ങളില്‍ ഏറിയ പങ്കും ഈ വിഭാഗത്തില്‍ പെടുന്നവയാണ്. നിയന്ത്രിത അളവില്‍ മാത്രം കഴിക്കുന്ന വ്യക്തിയാണെങ്കില്‍, വാക്സിന് എടുക്കുന്ന സമയത്തെ മദ്യപാനം ദോഷം ചെയ്യില്ല എന്നും ഇവര്‍ പറയുന്നു.
ദിവസേനയുള്ള മദ്യപാനം നിങ്ങളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ പാടെ തകര്‍ക്കും മാത്രമല്ല, ജലദോഷം, ഫ്ളൂ, അതുപോലുള്ള മറ്റു അണുബാധകള്‍ എന്നിവയ്ക്ക് ഇരയാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇതിനു പ്രധാന കാരണം, അമിതമായ അളവിലുള്ള ആല്‍ക്കഹോള്‍ ശരീരത്തെ സംരക്ഷിക്കുന്ന ചില നല്ല ബാക്ടീരിയകളെ തുരത്തും എന്നതാണ്.
വാക്സിന്റെ രണ്ടാം ഡോസും കഴിഞ്ഞ് ഏകദേശം രണ്ടാഴ്ച്ച സമയമെടുക്കും ആന്റിബോഡികള്‍ പൂര്‍ണ്ണമായും രൂപപ്പെടാന്‍. ഇതിനിടയില്‍ ഒരു ദിവസം അമിതമായി മദ്യപിച്ചാല്‍ ആന്റിബോഡികള്‍ രൂപം കൊള്ളുന്ന പ്രക്രിയ വൈകിയേക്കും.
കുരങ്ങുകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് തെളിഞ്ഞത്. അമിതമായി മദ്യം നല്കിയ കുരങ്ങുകളില്‍ ആന്റിബോഡികള്‍ വളരുന്നില്ലായിരുന്നു.
അതേസമയം, മിതമായ രീതിയില്‍ മദ്യപിച്ച കുരങ്ങന്മാരില് കാര്‍ഡിയോവാസ്കുലാര്‍ ആരോഗ്യം വര്‍ദ്ധിക്കുകയും ആന്റിബോഡികള്‍ സുഗമമായി രൂപപ്പെടുകയും ചെയ്തു.