കണ്ണൂർ: ബജറ്റ് പ്രഖ്യാപനത്തിലെ വീര്യം കുറഞ്ഞ മദ്യവില്പന ആരംഭിക്കാൻ നീക്കം ഊർജിതമാക്കി സർക്കാർ. ഇതിനുള്ള നടപടികൾ സജീവമാക്കി മദ്യക്കമ്പനികളും. ജിഎസ്ടി കമ്മീഷണര്‍ പുതിയ നികുതി നിരക്ക് ശിപാര്‍ശ ചെയ്തതിന് പിന്നാലെ മദ്യക്കമ്പനികളും വില്പന നികുതി സംബന്ധിച്ച പ്രപ്പോസല്‍ അയച്ചു തുടങ്ങി.
വീര്യം കുറഞ്ഞ മദ്യവില്പനയ്ക്ക് ആദ്യം സർക്കാരിന് പ്രപ്പോസല്‍ അയച്ചിരിക്കുന്നത് ബക്കാർഡി ഇന്ത്യ ലിമിറ്റഡ് എന്ന മദ്യക്കമ്പനിയാണ്. ബക്കാർഡി സമീപിച്ച വിവരം അറിഞ്ഞ് കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മദ്യക്കമ്പനികൾ പ്രപ്പോസൽ അയ്ക്കാൻ കരുക്കൾ നീക്കുകയാണ്. ഇതിനിടെ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് മദ്യം വിതരണം ചെയ്യുന്ന ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് (ജവാൻ നിർമാതാക്കൾ) കശുവണ്ടിയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം നിർമിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
ഈ മാസം നാലിനാണ് ബക്കാർഡി സർക്കാരിന് പ്രപ്പോസല്‍ ഇ-ഫയലായി സമർപ്പിച്ചത്. നിലവിലുള്ള മദ്യത്തിന് ഒരു ഫുള്‍ ബോട്ടില്‍ 400 രൂപയ്ക്ക് മുകളിലുള്ളതിന് 251 ശതമാനവും 400 രൂപയില്‍ താഴെയുള്ളതിന് 241 ശതമാനവുമാണ് നികുതി നിരക്ക്. നിലവില്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഇത്തരം മദ്യം ലഭ്യമാണെങ്കിലും ഇന്ത്യയില്‍ വെറെയൊരു സംസ്ഥാനത്തും വ്യത്യസ്ത നികുതി നിരക്ക് ഈടാക്കിയുള്ള വില്പന ഇല്ല.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ശിപാര്‍ശയ്ക്ക് വിസമ്മതിച്ച നികുതി വകുപ്പ് കമ്മീഷണർ അവധിയില്‍ പ്രവേശിച്ചയുടനെയാണ് നീക്കം ശക്തമാക്കിയത്. തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ധൃതഗതിയിലെ നീക്കങ്ങള്‍ എന്നാണ് പ്രതിപക്ഷ ആരോപണം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന ആരോപണവുമുണ്ട്.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും ബ്രൂവറി ഡിസ്റ്റലറി കൊണ്ടുവരാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ, പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ ആ പദ്ധതിതന്നെ വേറെ പേരില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കമാണെന്നും ആരോപണമുണ്ട്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിരക്ക് പരമാവധി കുറയ്ക്കണമെന്ന് ഡിസ്റ്റലിറികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് നികുതി കമ്മീഷണറോട് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞത്. ഐടി പാര്‍ക്കുകളിലും മറ്റും ജോലി ചെയ്യുന്ന വനിതകളെയും വിദേശികളെയും ലക്ഷ്യമിട്ടാണ് നികുതി കുറയ്ക്കുവാന്‍ സര്‍ക്കാര്‍ നീക്കം.
എന്നാൽ നികുതി കുറച്ച് വില കുറയുന്നതോടെ വീര്യം കുറഞ്ഞ മദ്യത്തിലേക്ക് ആളുകള്‍ ചേക്കേറുകയും ഇതിന്റെ മറവില്‍ നികുതി വെട്ടിച്ച് മദ്യവില്പന വ്യാപകമാവുകയും ചെയ്യാന്‍ സാധ്യതയുണ്ട്.
ദീപു മറ്റപ്പള്ളി