തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്പന നടത്താന്‍ ലോകോത്തര വന്‍കിട മദ്യ കമ്പനി അപേക്ഷ നല്കിയെന്നു മന്ത്രി എം. ബി. രാജേഷിന്റെ സ്ഥിരീകരണം. എന്നാല്‍ വന്‍കിട മദ്യ കമ്പനി കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യം വിതരണം നടത്തിയാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് എന്തു പ്രയോജനം ലഭിക്കും എന്ന കാര്യത്തില്‍ സര്‍ക്കാരും മന്ത്രിയും ഒന്നും വ്യക്തമാക്കുന്നില്ല.
വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുമ്പോള്‍ കർഷകരുടെ ഉത്പന്നങ്ങളും പഴവര്‍ഗങ്ങളും ഏതു തരത്തില്‍ വിറ്റഴിക്കപ്പെടുമെന്ന് കൃത്യമല്ല. പൈനാപ്പിള്‍,കശുമാങ്ങ,വാഴപ്പഴം കർഷകർക്കു പ്രയോജനം ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍, ഇപ്പോള്‍ കർഷകനെ കൈയൊഴിഞ്ഞ അവസ്ഥയാണ്. ലോകോത്തര മദ്യ കമ്പനിയായ ബക്കാർഡി തങ്ങളുടെ വീര്യം കുറഞ്ഞ മദ്യ ഉത്പന്നങ്ങള്‍ വിതരണം നടത്താന്‍ അപേക്ഷ നല്‍കിയെന്നാണ് സര്‍ക്കാര്‍ വാദം.
ബക്കാര്‍ഡി ബ്രീസര്‍, ബക്കാര്‍ഡി പ്ലസ് എന്നീ ലഹരി പാനീയങ്ങള്‍ വില്പന നടത്തുന്നതിന് അപേക്ഷ ലഭിച്ചുവെന്നാണ് എക്സെസ് മന്ത്രി എം.ബി. രാജേഷ് കഴിഞ്ഞ ദിവസം നിയമസഭയില്‍ മറുപടി നല്‍കിയത്. ബക്കാര്‍ഡി ബ്രീസറില്‍ 4.8 ശതമാനവും ബക്കാര്‍ഡി പ്ലസില്‍ എട്ട് ശതമാനവും ആള്‍ക്കഹോളാണ് അടങ്ങിയിരിക്കുന്നത്.
2022-23 വര്‍ഷത്തെ മദ്യനയ പ്രകാരം 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ ആള്ക്കഹോള്സ്ട്രംഗ്ത് അടങ്ങിയിട്ടുള്ള മദ്യം വിപണനം നടത്താമെന്ന് വിദേശമദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.
അബ്കാരി നിയമ ഭേദഗതി നടത്തിയപ്പോള്‍ അന്നത്തെ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞത് സംസ്ഥാനത്ത് കൃഷിക്കാരെ സഹായിക്കുന്നതിനായി പഴച്ചാറുകളില്‍ നിന്നു വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുമെന്നും വന്‍കിട മദ്യ മുതലാളിമാരെ ഇതില്‍ നിന്നും അകറ്റി നിര്‍ത്തുമെന്നും പ്രാദേശിക അടിസ്ഥാനത്തില്‍ തൊഴിലും വരുമാനവും ലക്ഷ്യംവച്ചുള്ള പദ്ധതിയായിരിക്കുമെന്നുമായിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ പദ്ധതിക്കു പിന്നില്‍ വന്‍കിട മദ്യ രാജാക്കന്മാരാണെന്നും വീര്യം കുറഞ്ഞ മദ്യവില്പനയ്ക്കായി അവര്‍ അപേക്ഷ നല്‍കിയതായും ദീപിക നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബക്കാര്‍ഡിയുടെ കേരളത്തിലെ വിതരണ അവകാശംപോലും ചില പ്രത്യേക വ്യക്തികള്‍ക്ക് നല്‍കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടു വച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
സ്വന്തം ലേഖകന്‍