മുന്‍ കാമുകിയുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലയാളി റേസിംഗ് താരം അറസ്റ്റിൽ.
തൃശൂർ സ്വദേശിയും റേസിംഗ് താരവുമായ ആൽഡ്രിൻ ബാബുവാണ് കോയമ്പത്തൂരില്‍ പിടിയിലായത്. കോയമ്പത്തൂർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.
തന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച് അതു വഴി അശ്ലീല ചിത്രങ്ങള്‍ മറ്റുള്ളവരിലേക്ക് സെന്റ് ചെയ്തു കൊടുത്തെന്നും, അക്കൗണ്ടിൽ പ്രചരിപ്പിച്ചെന്നും കാണിച്ച് പെൺകുട്ടി കഴിഞ്ഞ മാസം കോയമ്പത്തൂര്‍ സൈബര്‍ ക്രൈം പോലീസിൽ പരാതി നൽകി.
ഐപി അഡ്രസ് പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിൽ ആൽഡ്രിന്റെ മൊബൈൽ ഫോണിൽ നിന്ന് ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തതായി കണ്ടെത്തി.
വിശദമായ ചോദ്യം ചെയ്യലിൽ ആൽഡ്രിൻ കുറ്റം സമ്മതിച്ചതായും മൊബൈല്‍ ഫോണും ലാപ്ടോപും ഇയാളിൽ നിന്നു കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.