കോട്ടയം: ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഷ്യന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളികള്‍ക്ക് അഭിമാനമായി അലീന റെജി. ദേശീയ സൈക്ലിംഗില്‍ മെഡലുകള്‍ സ്വന്തമാക്കിയ അലീന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത രണ്ട് ഇനങ്ങളിലും വെങ്കലം സ്വന്തമാക്കി. ഇന്നലെ നടന്ന 500 മീറ്റര്‍ ജൂണിയര്‍ വ്യക്തിഗത ടൈം ട്രയല്‍ വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കി.
ഈയിനത്തില്‍ ചൈനയ്ക്ക് സ്വര്‍ണവും ചൈനീസ് തായ്പേയിക്കു വെള്ളിയും ലഭിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം ടീം സ്പ്രിന്റ് ഇനത്തിലും മഹാരാഷ്ട്രയുടെ ശിശികലയ്ക്കൊപ്പം ചേര്‍ന്ന് വെങ്കലം നേടിയിരുന്നു. ഇന്നു നടക്കുന്ന വ്യക്തിഗത സ്പ്രിന്റ് ഇനത്തിലും അലീന മത്സരിക്കുന്നുണ്ട്.
കോഴിക്കോട് തിരുവമ്പാടി ഇരുമ്പകം റെജിയുടെയും മിനിയുടെയും മകളാണ് അലീന. അല്‍ക, അമലു എന്നിവര്‍ സഹോദരങ്ങളാണ്. കര്‍ഷക കുടുംബത്തില്‍നിന്നു വരുന്ന അലീന തിരുവനന്തപുരത്തെ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിലാണ് പരിശീലനം നടത്തുന്നത്. മുന്‍ ഇന്ത്യന്‍ പരിശീലകന് ചന്ദ്രന് ചെട്ട്യാരാണ് അലീനയുടെ പരിശീലകന്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു ചന്ദ്രന് ചെട്ട്യാര്.
അലീന നേടിയ രണ്ടു വെങ്കലം മാത്രമാണ് ഏഷ്യന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം. 27 രാജ്യങ്ങളില്‍നിന്നുള്ള മുന്നൂറോളം സൈക്ലിസ്റ്റുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 28 അംഗങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. കേരളത്തില്‍നിന്ന് നാലു പേര് പങ്കെടുക്കുന്നു.
നയന രാജേഷ്, അമൃത രഘുനാഥന്, സനുരാജ് എന്നിവരാണ് അലീനയ്ക്കു പുറമേ മത്സരിക്കുന്ന മലയാളികള്‍. സനുരാജിന്റെ ടീം സ്പ്രിന്റ് മത്സരം കഴിഞ്ഞ ദിവസം നടന്നു. എന്നാല്‍, ആറാം സ്ഥാനത്തെത്താനേ സനുവിനു സാധിച്ചുള്ളൂ. ഇനി വ്യക്തിഗത വിഭാഗത്തിലും സനുവിനു മത്സരമുണ്ട്. മറ്റുള്ള രണ്ടു പേരുടെ മത്സരങ്ങള്‍ വരും ദിവസങ്ങളിലാണ്.
വലിയ കൊട്ടും കുരവയുമൊന്നുമില്ലാതെ മറ്റൊരു ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോള്‍ അവസാനിച്ചു. റോജര്‍ മില്ലയും സാമുവല്‍ എറ്റുവും നിറഞ്ഞുകളിച്ച ഒരു ടീം ഒരിക്കല്‍ക്കൂടി ആഫ്രിക്കയുടെ തലപ്പത്തെത്തുമ്പോള്‍ അത് പുതിയ യുഗത്തിന്റെ തുടക്കമാണ്. എന്നാല്‍, ഫൗളുകളും പരിക്കുകളും നിറഞ്ഞാടിയ ഒരു ടൂര്‍ണമെന്റായിരുന്നു കഴിഞ്ഞത്. അതുകൊണ്ടുതന്നെ ആരാധകരുടെ ആവേശം കുറഞ്ഞത് സ്വാഭാവികം.