പോലീസിനെയും പൊതുജനങ്ങളെയും ഒരുപോലെ ആശയക്കുഴപ്പത്തിലും ആശങ്കയിലുമാക്കുന്ന സംഭവമാണ്, കോട്ടയം മുക്കൂട്ടുതറ സ്വദേശിനിയായ ജെസ്ന എന്ന പത്തൊമ്പതുകാരിയുടെ തിരോധാനം. ജെസ്നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പലയിടത്തു നിന്നും പുറത്തുവന്നത്, പോലീസ് പുറത്തുവിടുകയുണ്ടായി.
അക്കാരണത്താല്‍ പുലിവാല് പിടിച്ചിരിക്കുന്ന, വെള്ളനാടി സ്വദേശികളായ സൈനുലാബ്ദീന്- റംലത്ത് ദമ്പതികളുടെ മകളായ അലീഷ എന്ന പെണ്‍കുട്ടിയുടെ അവസ്ഥയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ജെസ്നയുമായുള്ള അതിയായ രൂപസാദൃശ്യമാണ് അലീഷയെ ജെസ്നയായി തെറ്റിദ്ധരിക്കാന്‍ കാരണമാക്കുന്നത്.
ജെസ്നയോടുള്ള രൂപസാദൃശ്യം മൂലം അലീഷയ്ക്കും അതുവഴിയായി അവളുടെ വീട്ടുകാരായ തങ്ങള്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു മാധ്യമത്തോട് അലീഷയുടെ അമ്മ റംലത്ത് സംസാരിക്കുകയുണ്ടായി. വേദനയോടെ അവര്‍ പറയുന്നതിങ്ങനെ..
ജെസ്നയുടെ ചിത്രം വന്ന സമയത്ത് കൂട്ടുകാരൊക്കെ കൊച്ചിനെ കളിയാക്കുമായിരുന്നു, നിന്നെ കണ്ടാല്‍ ജസ്നയുടേത് പോലെയുണ്ടല്ലോയെന്ന്. ഞങ്ങളും അത് തമാശയായിട്ടുമാത്രമാണ് കണ്ടത്. പക്ഷെ ജെസ്ന കേസ് കൂടുതല്‍ ഗൗരവമായി. ഒപ്പം സിസിടിവി ദൃശ്യം കൂടി പുറത്തുവന്നതോടെ അലീഷയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
ഞങ്ങളെവിടെയെങ്കിലും പോവുകയാണെങ്കില്‍ കൊച്ചിനെ ഇപ്പോള്‍ വീട്ടില്‍ തനിച്ചിരുത്താറില്ല. കുടുംബ വീട്ടിലാക്കിയിട്ടാണ് പോകുന്നത്. അതുമല്ലെങ്കില്‍ ആരെങ്കിലും കൂടെ കാണും. തനിച്ച് ടൗണിലെങ്ങും വിടാറില്ല. കഴിഞ്ഞദിവസം പോലീസും വന്ന് അന്വേഷിച്ചിരുന്നു. സിസിടിവി ദൃശ്യത്തിലുള്ളത് ജെസ്നയാണ്. അലീഷയല്ല. മോള്‍ക്ക് അതുപോലെയുള്ള ടോപ്പ് ഇല്ല.
ഞങ്ങള്‍ മുണ്ടക്കയത്തുകാരാണ്. ഇവിടെ വെള്ളനാടിയിലുള്ളവര്‍ക്കെല്ലാം ഞങ്ങളെ അറിയാം. അതുകൊണ്ട് ഇവിടെ പുറത്തിറങ്ങാന്‍ പ്രശ്നമില്ല. പക്ഷെ ടൗണിലേക്ക് ഇറങ്ങുമ്പോള്‍ ആളുകള്‍ കൊച്ചിനെ തുറിച്ചുനോക്കുന്നുണ്ട്. പരിചയമില്ലാത്തവര്‍ കാണുമ്പോഴാണ് പ്രശ്നം. കഴിഞ്ഞദിവസം ഒരു ഓട്ടോയില്‍ കയറിയപ്പോള്‍, ഓട്ടോക്കാരന് ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ചു.
ജെസ്നയല്ലേ? ജെസ്ന ഇരിക്കുന്നതുപോലെ തന്നെയാണല്ലോ ഇരിക്കുന്നത്? തട്ടം ഇട്ടിരിക്കുന്നത് ആള് അറിയാതെയിരിക്കാനല്ലേ? അങ്ങനെ 100 ചോദ്യങ്ങളായിരുന്നു. ബസ് സ്റ്റോപ്പിലൊക്കെ നില്ക്കുമ്പോള് ആളുകള്‍ വന്ന് ചോദിക്കാറുണ്ട് ജെസ്നയല്ലെ എന്ന്? കൊച്ച് അല്ല എന്ന് പറഞ്ഞ് മടുത്തു. അമ്മ പറയുന്നു.