കണ്ണൂർ: രക്തസാക്ഷി ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേരക്ക് കണ്ണൂരിൽ സ്വീകരണം നല്കി. വ്യാഴാഴ്ച രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഡോ. അലൈഡ ഗുവേരയെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
സ്വതന്ത്ര ക്യൂബയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും നേപ്പാളിലുമായി നടക്കുന്ന പരിപാടികളിൽ സംബന്ധിക്കാനായി എത്തുന്ന അലൈഡയുടെ കേരളത്തിലെ ആദ്യ പൊതു പരിപാടിയാണ് കണ്ണൂരിൽ നടക്കുന്നത്. വൈകുന്നേരം നാലിന് കണ്ണൂർ എകെജി സ്ക്വയറിൽ നിന്ന് ഡോ. അലൈഡയെ സ്വീകരിച്ച് സമ്മേളന വേദിയായ ടൗൺ സ്ക്വയറിലേക്ക് ആനയിക്കും.
ക്യൂബൻ ഐക്യ ദാർഢ്യസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. എം.എ.ബേബി അധ്യക്ഷത വഹിക്കും. സമത പ്രസിദ്ധീകരിക്കുന്ന ലാറ്റിനമേരിക്കൻ ജീവിതവും സംസ്കാരവും രാഷ്ട്രീയവും സംബന്ധിച്ച 10 പുസ്തകങ്ങളടക്കം 14 പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.
1959 ജൂലൈ ഒന്നിന് ഇന്ത്യയിലെത്തിയ പിതാവ് ഏർണസ്റ്റോ ചെ ഗുവേരയുടെ സന്ദർശനത്തിന് കൃത്യം 60 വർഷം തികയുമ്പോഴാണ് സമതയുടെ പുസ്തക പ്രകാശനത്തിനുമായി മകൾ അലൈഡയുടെ സന്ദർശനം.