കോയമ്പത്തൂർ: നിമിഷാര്ധത്തില് വന്‍ദുരന്തം സംഭവിച്ചതിന്റെ ഞെട്ടല്‍ അലന്റെ മുഖത്തുണ്ടായിരുന്നില്ല. അമ്മൂമ്മയുടെ സമീപത്തായി അമ്മയുടെ മടിയില്‍ സുഖനിദ്രയിലായിരുന്നു അവന്.
ബഹളംകേട്ട് ഉണര്‍ന്ന അലനെ ആരൊക്കെയോ ചേര്‍ന്നു ബസില്‍നിന്നു പുറത്തിറക്കിയപ്പോഴും അവനൊന്നും മനസിലായില്ല. അമ്മൂമ്മ എന്നേയ്ക്കുമായി തന്നെ വിട്ടുപിരിഞ്ഞതും അമ്മയ്ക്കു ഗുരുതര പരിക്കേറ്റതും അറിയാതെ അവന് അവരെ അന്വേഷിച്ചുകൊണ്ടിരുന്നു.
സ്ഥലത്തെത്തിയ എംപിമാരായ വി.കെ. ശ്രീകണ്ഠനും രമ്യ ഹരിദാസും അലന്റെ ഒപ്പംനിന്നു. നാട്ടില്‍നിന്നു ബന്ധുക്കളുമെത്തിയപ്പോള്‍ അലന് ആശ്വാസമായി. തുടര്‍ന്ന് ബന്ധുക്കൾ അമ്മ സോനയെ അവനു കാട്ടിക്കൊടുത്തു.
അപ്പോഴും അമ്മൂമ്മയെയാണ് അവന് തെരഞ്ഞത്. അമ്മൂമ്മ വേറെ സ്ഥലത്തുണ്ടെന്നു പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു ബന്ധുക്കള്‍. അപ്പോള്‍ അലന്റെ അമ്മൂമ്മ റോസിലിന്റെ മൃതദേഹം തിരുപ്പൂര്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഊഴം കാത്തു കിടക്കുകയായിരുന്നു.
പാലക്കാട് ശാന്തി കോളനിയില്‍ നായങ്കര ജോണിന്റെ ഭാര്യ റോസിലിന്(61) ആണ് അപകടത്തില്‍ മരിച്ച അലന്റെ അമ്മൂമ്മ. മകന് സണ്ണിയുടെ ഭാര്യയും അലന്റെ അമ്മയുമായ സോനയ്ക്കു സൗദിയില്‍ നഴ്സ് ജോലിക്കായി ഇന്റര്‍വ്യൂവിനാണ് ഇവര്‍ ബംഗളൂരുവിലേക്കു പോയത്. ഇന്റര്‍വ്യൂ കഴിഞ്ഞു തിരിച്ചുവരുന്നതിനിടെയാണ് ദുരന്തം.
സോനയുടെ ഭര്‍ത്താവ് സണ്ണി സൗദിയില്‍ ജോലി ചെയ്യുകയാണ്. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ നഴ്സാണ് സോന. അലന് മണ്ണുത്തി ഡോണ്‍ബോസ്കോ സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുട്ടനെല്ലൂരിലാണ് ഇവരുടെ താമസം.