മലയാളസിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിക്ക് എതിരെ വിമര്ശനവുമായി നടന് അലന്സിയാര്.
ഹെവന് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അലന്സിയാര് നല്കിയ മറുപടിയാണ് ഇപ്പോള് ചര്ച്ചയായിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവന്.
ചിത്രത്തില് പൊലീസ് കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ചിത്രത്തില് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ജാഫര് ഇടുക്കി, ജോയ് മാത്യു, സുദേവ് നായര്, അലന്സിയാര്, വിനയ പ്രസാദ് എന്നിവരാണ്.
കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രസ് മീറ്റ് നടന്നിരുന്നു. പ്രസ് മീറ്റില് മാധ്യമപ്രവര്ത്തകരുടെ ഭാഗത്ത് നിന്ന് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ചോദ്യം ഉയര്ന്നു.
സുരാജ് വെഞ്ഞാറമൂട് മറുപടി നല്കിയതിന് പിന്നാലെ അലന്സിയാര് ആ ചോദ്യത്തിന് നല്കിയ മറുപടിയാണ് ഇപ്പോള് ചര്ച്ചയാകുന്നത്.
വിനയ പ്രസാദിന്റെ കഥാപാത്രത്തെക്കുറിച്ച് മാധ്യമപ്രവര്ത്തകര് ചോദിച്ചപ്പോള് ‘വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്റെ അമ്മയായിട്ടാണ്. സിനിമയില് എന്റെ വൈഫിനെക്കുറിച്ച് പറയുന്നില്ല. ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നേയുള്ളൂ. ഇതില് ഒരു നായിക കഥാപാത്രമില്ല’ എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് മറുപടി നല്കിയത്.
സുരാജ് മറുപടി പറഞ്ഞതിനു പിന്നാലെയായിരുന്നു അലന്സിയാറുടെ കമന്റ്. ‘ഡബ്ല്യു സിസിയില് നിന്ന് ആരെയും വിളിച്ചപ്പോള് കിട്ടിയില്ല. താങ്കള്ക്കെന്താ, കുറേ നേരമായല്ലോ ചോദ്യങ്ങള് ചോദിച്ച് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ.
സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന് ഡബ്ല്യു സി സിയില് നിന്ന് ആരെയും കിട്ടിയില്ല. നിങ്ങള് എഴുതിക്കോ’ എന്നായിരുന്നു അലന്സിയാര് പറഞ്ഞത്.
സുരാജ് വെഞ്ഞാറമൂട്, അലന്സിയര്, ജാഫര് ഇടുക്കി എന്നിവരായിരുന്നു പ്രസ്മീറ്റില് പങ്കെടുത്തത്. എന്തായാലും കമന്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.