കൊച്ചി: കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥര്‍ ചമഞ്ഞു കൊച്ചിയില്‍ വീണ്ടും പണം തട്ടല്‍. എറണാകുളം സ്വദേശിക്ക് 1.2 കോടി രൂപയും മറ്റൊരാള്‍ക്ക് 30 ലക്ഷം രൂപയും നഷ്ടമായി. തട്ടിപ്പ് വ്യാപകമായതോടെ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. അജ്ഞാത ഫോണ്‍ കോളുകളെയും ഇ- മെയില്‍ സന്ദേശങ്ങളെയും സൂക്ഷിക്കണമെന്നും സാമ്പത്തികവിവരങ്ങള്‍ ഉള്‍പ്പെടെ മറ്റ് യാതൊരു വിവരങ്ങളും അജ്ഞാതര്‍ക്ക് കൈമാറരുതെന്നും പോലീസ് നിർദേശിച്ചു.
പോലീസ്, നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേനയാണു പണം തട്ടുന്നത്. ഇത്തരം ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ഉടന്‍തന്നെ 1930 എന്ന ഫോണ്‍ നമ്പറില്‍ പോലീസിനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വിളിയോ ഇ- മെയിലോ ഇങ്ങനെ എത്താം
തട്ടിപ്പിനിരയാക്കാന്‍ ഉദ്ദേശിക്കുന്നവരെ ഫോണിലോ ഇ- മെയില്‍ മുഖേനയോ ബന്ധപ്പെടുന്നതാണു രീതി. നിങ്ങള്‍ക്കയച്ച കൊറിയറിലോ നിങ്ങള്‍ക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാര്‍ കാര്‍ഡുകളും പാസ്പോര്‍ട്ടും ഉണ്ടെന്നും ഒരു കേസുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയില്‍ നിങ്ങളുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് അഥവാ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്നും അറിയിക്കും.
വെബ്സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍ തെരഞ്ഞെന്നു പറഞ്ഞും വിളി എത്താം.
ഫോണ്‍കോളിനു പുറമേ ഇ- മെയില്‍ സന്ദേശങ്ങളായും ഇവ എത്തും. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയിച്ചു വിശ്വാസം നേടിയെടുക്കാനായി അന്വേഷണ ഏജന്‍സിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കേസ് രജിസ്റ്റര്‍ ചെയ്തെന്ന വ്യാജരേഖകളും അയച്ചുനല്‍കുന്നു. പങ്കുവച്ച തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ വെബ്സൈറ്റില്‍ തെരഞ്ഞാല്‍ വ്യാജരേഖയില്‍ പറയുന്ന പേരില്‍ ഒരു ഓഫീസര്‍ ഉണ്ടെന്ന് ബോധ്യമാകും. തുടര്‍ന്ന് ഫോണില്‍ വിളിച്ചും സ്കൈപ്പ് വഴിയും മറ്റും വീഡിയോ കോളില്‍ പങ്കെടുക്കാനും ആവശ്യപ്പെടും.
പോലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് തട്ടിപ്പുകാര്‍ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്നത്. ചെയ്തതു ഗുരുതരമായ തെറ്റാണെന്നും പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും വിശ്വസിപ്പിക്കും. തങ്ങളുടെ അനുവാദമില്ലാതെ ഇനി നിങ്ങള്‍ എങ്ങോട്ടും പോകാന്‍ പാടില്ലെന്ന മുന്നറിയിപ്പും തട്ടിപ്പുകാര്‍ നല്‍കും. പിന്നീട് സ്വകാര്യവിവരങ്ങളും സാമ്പത്തികസ്ഥിതിയും ചോദിച്ചറിഞ്ഞു പണം നിയമപരമായി സമ്പാദിച്ചതാണോയെന്നു പരിശോധിച്ചശേഷം തിരികെ നല്‍കാമെന്നു പറഞ്ഞ് വാങ്ങുന്നു. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പറും തട്ടിപ്പുകാര്‍ പങ്കുവയ്ക്കും. പണം ഓണ്‍ലൈനായി നിക്ഷേപിക്കുന്നതോടെ തട്ടിപ്പ് പൂര്‍ത്തിയാകുന്നു.
വിളി എത്തിയത്
ട്രായ്, മുംബൈ പോലീസ് എന്നിവിടങ്ങളില്‍നിന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഓഫീസില്നിന്നെന്ന വ്യാജേന ലഭിച്ച ഫോണ്‍ സന്ദേശത്തോട് പ്രതികരിച്ചതിനു പിന്നാലെയാണ് എറണാകുളം സ്വദേശിക്ക് 1.2 കോടി രൂപ നഷ്ടമായത്.
തട്ടിപ്പിനിരയായ മറ്റൊരാള്‍ക്കാകട്ടെ മുംബൈ പോലീസില്‍നിന്നും. നഷ്ടപ്പെട്ടത് 30 ലക്ഷം രൂപ. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ആദ്യമണിക്കൂറില്‍ തന്നെ അക്കാര്യം 1930 എന്ന നമ്പറില്‍ അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പോലീസ് പറഞ്ഞു.