കോട്ടയം: പരിപ്പിലെ ലക്ഷാധിപതിക്ക് കാര്യമായ സ്വപ്നങ്ങൾ ഒന്നുമില്ല. കുറെ കടമുണ്ട് അതു വീട്ടണം. ചെറിയൊരു വീടാണ് ഇപ്പോഴുള്ളത്. അതുമതി. വലിയ വീട് എന്ന മോഹമൊന്നുമില്ല. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ച സ്വകാര്യ ബസ് കണ്ടക്ടർ പരിപ്പ് പണിക്കരോടത്തിൽ അലക്സ് തോമസ് പറയുന്നു.
ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ടിക്കറ്റാണ് അലക്സിനെ ലക്ഷാധിപതിയാക്കിയത്. കോട്ടയം കാഞ്ഞിരം -മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന കൈരളി എന്ന സ്വകാര്യ ബസിൽ കണ്ടക്്ടറും ചെക്കറുമായി ജോലി ചെയ്തുവരികയാണ്.
സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ഒന്നാം സമ്മാനം ലഭിക്കുന്നതു ആദ്യമായിട്ടാണ്. കോട്ടയം ചന്തക്കവലയിലുള്ള ടിവിസി ലോട്ടറി ഏജൻസി നടത്തുന്ന ചന്ദ്രന്റെ പക്കൽ നിന്നുമാണ് ലോട്ടറി എടുത്തത്. ഇന്നലെ വൈകുന്നേരത്തോടെ ഏജൻസിയിൽ നിന്നു തന്നെയാണ് അലക്സിനെ വിളിച്ച് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടെന്നു കാര്യമറിയിച്ചത്.
സമ്മാനാർഹമായ ടിക്കറ്റ് കാനറ ബാങ്കിന്റെ പരിപ്പ് ശാഖയിൽ ഏല്പിച്ചിരിക്കുകയാണ്. അമ്മ: പരേതനായ തോമസിന്റെ ഭാര്യ മേരിക്കുട്ടി, ഭാര്യ ഡാർളി, മകൻ എഡ്വിൻ.