ശ്രീകണ്ഠപുരം: കുടിയേറ്റ ജനത ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അലക്സ് നഗർ പാലം പണി പാതിവഴിയിൽ നിലച്ചു. 2017 നവംബറിൽ നിർമാണം തുടങ്ങിയ പാലം 18 മാസം കൊണ്ട് പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഒരു വർഷം പൂർത്തിയായിട്ടും പത്ത് ശതമാനം പോലും പൂർത്തിയായിട്ടില്ല.
കഴിഞ്ഞ നാല് മാസത്തോളമായി പണി പൂർണമായും നിലച്ചിരിക്കുകയാണ്. ആറ് തൂണുകൾ വേണ്ട പാലത്തിന്റെ രണ്ട് തൂണുകളുടെ പ്രാരംഭ നടപടികൾ മാത്രമാണ് നടത്തിയിട്ടുള്ളത്. നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ശിപാർശ പ്രകാരം നബാർഡാണ് പാലം നിർമാണത്തിന് 10.10 കോടി രൂപ അനുവദിച്ചത്.
കാസർഗോട്ടെ ഡെൽകോൺ കമ്പനിയായിരുന്നു കരാറുകാർ. വികസന സമിതി സ്വരൂപിച്ച മൂന്നര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുത്തത്. ആധുനിക യന്ത്രങ്ങളൊന്നുമില്ലാതെ പഴയ നിർമാണ സാധനങ്ങൾ ഉപയോഗിച്ചാണ് കരാറുകാരൻ പണി നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഇതാണ് പണി മന്ദഗതിയിലാകാൻ കാരണമെന്നും പറയുന്നു.
പണി നിലച്ചതോടെ യന്ത്രങ്ങളും നിർമാണ സാധനങ്ങളും തുരുമ്പെടുത്ത് കാട്കയറി കിടക്കുകയാണ്. അലക്സ് നഗർ-കാഞ്ഞിലേരി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമായാൽ പയ്യാവൂർ, ചെമ്പേരി ഉൾപ്പെടെയുള്ള മലയോര നിവാസികൾക്ക് എളുപ്പത്തിൽ മട്ടന്നൂർ വിമാനത്താവളത്തിലെത്താം. കരാറുകാരന്റെ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ ഷിന്റോ ലൂക്ക അറിയിച്ചു.