തിരുവനന്തപുരം: തിരുവല്ലത്ത് വൃദ്ധയെ കൊലചെയ്ത സംഭവ ത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും. ആഢംബര ജീവിതം നയിച്ചിരുന്ന പ്രതിക്ക് പണത്തിനോട് അമിത ആർത്തിയായിരുന്നുവെന്ന് പോലീസ്.
തിരുവല്ലം വണ്ടിത്തടം യക്ഷിഅമ്മൻ ക്ഷേത്രത്തിന് സമീപം ദാറുൽ സലാം വീട്ടിൽ ജാൻബീവിയെ (78) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയും ബിരുദ വിദ്യാർഥിയുമായ അലക്സ് (20) നെ വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
കോളജിൽ ഉൾപ്പെടെ ആഢംബര ജീവിതം നയിക്കാൻ പണം കുറുക്ക് വഴിയിലൂടെ കണ്ടെത്തുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു.
അമ്മൂമ്മ ജോലി നോക്കിയിരുന്ന ജാൻബിവിയുടെ വീട്ടിലെ വിശ്വസ്തനായി നടിച്ചാണ് ഹെൽമറ്റ് ധരിച്ച് ജാൻബിവിയുടെ സ്വർണമാലയും വളകളും പ്രതി ബലപ്രയോഗത്തിലൂടെ അപഹരിച്ചത്.
വീടിന്റെ വാതിലിലെ കുറ്റി തകർത്ത് അകത്ത് കടന്ന അലക്സ് ഹെൽമറ്റ് ധരിച്ച് വൃദ്ധയുടെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ സ്വർണമാല തട്ടിയെടുത്തും.
ചെറുത്ത് നിൽപ്പിനിടെ അലക്സിനെ വൃദ്ധ തിരിച്ചറിഞ്ഞതോടെ തല ചുവരിലും തറയിലും ഇടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് സ്വർണ വളകളുമായി പ്രതി കടന്ന് കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജാൻബിവിയിൽ നിന്നും അപഹരിച്ച സ്വർണാഭരണങ്ങൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് ആഡംബരത്തോടെ കഴിഞ്ഞ് വരികയായിരുന്നു അലക്സെന്ന് പോലീസ് പറഞ്ഞു.
പ്രദേശവാസികളെ വിശദമായി പോലീസ് ചോദ്യം ചെയ്യുകയും ധനകാര്യ സ്ഥാപനങ്ങളിൽ സ്വർണം പണയം വച്ചവരുടെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തതിലൂടെയാണ് അന്വേഷണം അലക്സിലേക്ക് എത്തിയത്.
ജാൻബീവിയുടെ വീട്ടിൽ നിന്നും മുൻപും പലതവണ ഇയാൾ പണം അപഹരിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.
അലക്സിനെ വൃദ്ധ തിരിച്ചറിഞ്ഞതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയത്. കാട്ടാക്കടയിലെ ഒരു കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ അലക്സിന് ജാൻബിവിയുടെ വീട്ടിൽ പൂർണ സ്വാതന്ത്ര്യവും വിശ്വാസവുമാണ് വൃദ്ധ നൽകി വന്നിരുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ജാൻബിവിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതും മുറിവുകൾ ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ ബന്ധുക്കൾ വിശദമായ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ആർ.പ്രതാപൻ നായരുടെ മേൽനോട്ടത്തിൽ തിരുവല്ലം സിഐ. സജികുമാർ, ഫോർട്ട് സിഐ. രാകേഷ്, എസ്ഐ. വിമൽ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.