കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് സഹോദരൻ അലക്സ് വി. ചാണ്ടി രംഗത്ത്. കഴിഞ്ഞ 15 ദിവസമായി ഒരു ചികിത്സയും ഉമ്മൻ ചാണ്ടിക്ക് നൽകുന്നില്ല.
ഉമ്മൻ ചാണ്ടിയെ കാണാനെ ത്തുന്നവരെ അനുവദിക്കുന്നില്ല.ഉമ്മൻ ചാണ്ടിക്ക് ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനും ചികിത്സ നിഷേധിക്കുന്നെന്നാണ് അലക്സ് വി. ചാണ്ടിയുടെ ആരോപണം.സഹോദരനായതിനാൽ ഇതൊക്കെ കണ്ടുനിൽക്കാൻ വിഷമമുണ്ട്.
ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് മുൻ മുഖ്യമന്ത്രിക്ക് ചികിത്സ നിഷേ ധിക്കുന്നത്. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അലക്സ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ, ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി അലക്സ് ചാണ്ടിയും ബന്ധു ക്കളുമടക്കം 42 പേർ ഒപ്പിട്ട് കത്ത് മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. പരാതി നൽകിയ ശേഷം പിൻ വലിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് ചാണ്ടി വ്യക്തമാക്കി.
അതേസമയം, തനിക്ക് ശരിയായ ആരോഗ്യപരിപാലനം ലഭിക്കുന്നില്ലെന്ന വാർത്തകൾ നിഷേധിച്ച് ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കുടുംബവും കോൺഗ്രസ് പാർട്ടിയും ഒപ്പമുണ്ടെന്നും തനിക്ക് ലഭിക്കുന്ന മികച്ച ചികിത്സയിൽ പൂർണ സംതൃപ്തനാണെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയ്ക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന ആരോപണമുയർത്തി ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് മകൻ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പേജ് വഴി ഉമ്മൻ ചാണ്ടി കാര്യങ്ങൾ വ്യക്തമാക്കിയത്.