പനാജി: കാഞ്ചന 3 എന്ന തമിഴ്സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത റഷ്യൻ സിനിമാതാരവും മോഡലുമായ അലക്സാന്ദ്ര ജാവി(24)യുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി തേടി ഗോവ പോലീസ്.
ഇതിന് റഷ്യൻ കോൺസുലേറ്റിന്റെ സമ്മതപത്രം ആവശ്യമാണ്. നോർത്ത് ഗോവയിലെ സിയോലിമിൽ അപ്പാർട്ട്മെന്റിൽ ഓഗസ്റ്റ് 20നാണ് അലക്സാന്ദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ദുരൂഹമരണത്തിനു കേസെടുത്ത ഗോവ പോലീസ് നടിക്കൊപ്പം അപ്പാർട്ട്മെന്റിൽ താമസിച്ചുവന്ന സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അലക്സാന്ദ്രയുടെ മരണത്തിൽ ചെന്നൈയിലുള്ള ഫോട്ടോഗ്രാഫറുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ വിക്രം ശർമവഴി മുംബൈ റഷ്യൻ കോൺസുലേറ്റ് പ്രതിനിധി നല്കിയ പരാതിയിലാണു നടപടി.
2019ൽ നടിയുടെ പരാതിയിൽ ഫോട്ടോഗ്രാഫർക്കെതിരേ ചെന്നൈ പോലീസ് മാനഭംഗത്തിനു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കാഞ്ചന 3 യിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് അലക്സാന്ദ്രയുടെ സഹോദരൻ ആൻഡ്രു റി ജാവിയാണ്.