മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവും വ്ളാദിമിർ പുടിന്റെ മുഖ്യ എതിരാളിയുമായ അലക്സി നവാൽനിയെ ജയിലിൽനിന്നു കാണാതായതായി റിപ്പോർട്ട്.
മോസ്കോയിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുകയായിരുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകർ. ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായും ആറു ദിവസമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
‘അവർ അവനെ എവിടേക്കാണ് കൊണ്ടുപോയതെന്ന് പറയാൻ വിസമ്മതിക്കുന്നു’. നവാൽനിയുടെ സഹപ്രവർത്തകൻ എക്സിൽ കുറിച്ചു. റഷ്യയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കവെയാണ് നവൽനിയുടെ ഈ അപ്രതീക്ഷിത തിരോധാനം.
നിലവിൽ 47 വയസുള്ള നവാൽനി തീവ്രവാദം ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 30 വര്‍ഷത്തിലേറെ തടവ് അനുഭവിക്കുകയാണ്.