മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം വിട്ടുതരണമെന്നു പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ട് നവൽനിയുടെ അമ്മ ലുഡ്മിള. നവൽനി മരിച്ച സൈബീരിയൻ ജയിലിനു മുന്നിൽനിന്നു ചിത്രീകരിച്ച വീഡിയോയിലാണ് ലുഡ്മിള ഇക്കാര്യം ആവശ്യപ്പെട്ടത്.
കെമിക്കൽ അനാലിസിസ് പരിശോധന നടത്തേണ്ടതിനാൽ രണ്ടാഴ്ചത്തേക്കു മൃതദേഹം വിട്ടുതരില്ലെന്നു റഷ്യൻ അധികൃതർ അറിയിച്ചതിനു പിന്നാലെയാണ് ലുഡ്മിളയുടെ വീഡിയോ പുറത്തുവന്നത്.
മരിച്ച് അഞ്ചു ദിവസമായിട്ടും മകന്റെ മൃതദേഹം കാണാൻ പറ്റിയിട്ടില്ലെന്ന് ലുഡ്മിള പറഞ്ഞു. “അധികൃതർ മൃതദേഹം എനിക്കു വിട്ടുതരുന്നില്ല. മൃതദേഹം എവിടെയാണെന്നുപോലും അവർ പറയുന്നില്ല. എന്റെ മകനെ അവസാനമായി കാണാൻ അനുവദിക്കണം. ഉചിതമായ രീതിയിൽ സംസ്കരിക്കാനായി മൃതദേഹം ഉടൻ വിട്ടുതരണം. വ്ലാദിമിർ പുടിൻ, നിങ്ങളോടാണു ചോദിക്കുന്നത്”- ലുഡ്മിള പറയുന്നു.
ഭർത്താവിനെ സ്നേഹിക്കുന്നവർക്ക് അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കണമെന്ന് നവൽനിയുടെ ഭാര്യ യൂലിയയും ആവശ്യപ്പെട്ടു. പ്രസിഡന്റ് പുടിനാണ് നവൽനിയെ കൊലപ്പെടുത്തിയതെന്നും എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ യൂലിയ ആരോപിച്ചു. ഇതിനു പിന്നാലെ യൂലിയയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതായി എക്സ് അറിയിച്ചു. പ്ലാറ്റ്ഫോമിന്റെ ചട്ടങ്ങൾ ലംഘിച്ചതിനാലാണത്രേ നടപടി.
ഇതിനിടെ, നവൽനിയുടെ മൃതദേഹം എവിടെയാണുള്ളതെന്നു റഷ്യൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല. നവൽനിയുടെ അമ്മ ലുഡ്മിളയും അഭിഭാഷകനും ജയിലിലും മോർച്ചറിയിലും എത്തിയെങ്കിലും മൃതദേഹം എവിടെയാണെന്നു പറയാൻ പോലും അധികൃതർ തയാറായില്ല. കെമിക്കൽ അനാലിസിസ് പരിശോധന നടത്തേണ്ടതിനാൽ രണ്ടാഴ്ചത്തേക്കു മൃതദേഹം വിട്ടുതരാനാകില്ലെന്നാണ് ഇവർക്കു ലഭിച്ച അറിയിപ്പ്.
നൊവിചോക് എന്ന രാസായുധം പ്രയോഗിച്ചാണു നവൽനിയെ വധിച്ചതെന്നും അതിന്റെ സാന്നിധ്യം കണ്ടെത്താതിരിക്കാനാണു മൃതദേഹം വിട്ടുതരാത്തതെന്നും അദ്ദേഹത്തിന്റെ ഭാര്യ യൂലിയ ആരോപിച്ചു. 2020ലും നവൽനിക്കു നൊവിചോക് പ്രയോഗം ഏറ്റിരുന്നു.
ജർമനിയിലെ ചികിത്സയിലാണ് അദ്ദേഹം സുഖംപ്രാപിച്ചത്. എന്നാൽ, മരണകാരണം നൊവിചോക് പ്രയോഗമാണെന്നതിനു തെളിവില്ലെന്നാണ് ക്രെംലിൻ വക്താവ് ഇന്നലെ അറിയിച്ചത്.
ഇതിനിടെ, നവൽനിയുടെ സഹോദരൻ ഒലഗ് നവൽനിക്കെതിരേ റഷ്യൻ അധികൃതർ പുതിയ ക്രിമിനൽ കേസ് എടുത്തു. സംഭവം റിപ്പോർട്ട് ചെയ്ത റഷ്യൻ മാധ്യമങ്ങൾ കേസിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയില്ല.
ഒലെഗിനായി പോലീസ് തെരച്ചിൽ നടത്തുകയാണ്. ഇദ്ദേഹം മറ്റൊരു കേസിൽക്കൂടി പിടികിട്ടാപ്പുള്ളിയാണെന്നും പറയുന്നു. 2014ൽ തട്ടിപ്പുകേസിൽ ഒലെഗിനെ മൂന്നര വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. അലക്സി നവൽനിയെ സമ്മർദത്തിലാക്കാനായിരുന്നു ഈ കേസെന്ന് ആരോപിക്കപ്പെടുന്നു.