കോഴിക്കോട്: പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു പോലീസിനെതിരേ രൂക്ഷ പ്രതികരണവുമായി സംവിധായകന് അലിഅക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നഗ്നചിത്രങ്ങള്‍ പകര്‍ത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ച പ്രതിയെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും സംഘവും രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണു ഫേസ്ബുക്ക് പോസ്റ്റ്.
മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ സ്വാധീനം കാരണമാണു പോലീസ് കേസൊതുക്കുന്നതെന്നാണു പോസ്റ്റിലെ സാരാംശം. പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും നിരവധി കമന്റുകളാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്.
“”രാവിലെ മുതല്‍ ഹോസ്റ്റലിനു മുന്പില് തമ്പടിച്ചു, തന്റെ ക്രൂര പ്രവൃത്തികള്‍ പുറത്തു വരാതിരിക്കാന്‍ തട്ടിക്കൊണ്ടു പോയി മതഭ്രാന്തന്മാര്ക്കു വില്ക്കാന് ശ്രമിച്ച ഈ ദ്രോഹിയെയാണു കോഴിക്കോട് പോലീസ് കമ്മീഷണറും സംഘവും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്, ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരു ബന്ധുവിന് ഇത്രയും പരിരക്ഷ ലഭിക്കുമ്പോള്‍ മന്ത്രി കുടുംബങ്ങള്‍ക്ക് എത്രമാത്രം പരിരക്ഷ ലഭിക്കുമെന്നോര്ത്തു നോക്കൂ, ഇടതുപക്ഷം ജനപക്ഷമല്ല പെണ്പക്ഷവുമല്ല..
ഒരു പെണ്ണിന്റെ മാനം കവര്ന്നവന് പാദസേവ ചെയ്യുന്നവരായി നിയമപാലകര്‍ മാറുമ്പോള്‍ അവരില്‍തന്നെ നന്മ അവശേഷിക്കുന്ന വിഭാഗവും ഈ മാലിന്യം പേറേണ്ടി വരുന്നു… ഈ പ്രതിയെ ഗള്‍ഫിലേക്കു കടത്തി എന്നു കേള്‍ക്കുന്നു, അതു സത്യമെങ്കില്‍ അതിനു സഹായിച്ചതു കോഴിക്കോട്ടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്…യുവാക്കള്‍ പ്രതികരിക്കണം..സ്ത്രീകള്‍ പ്രതികരിക്കണം..കാരണം, നാളെ നിങ്ങളുടെ പെങ്ങള്‍ക്കോ മക്കള്‍ക്കോ ഈ ഗതികേട് വരാം… സിപിഎം പ്രതികരിക്കില്ല- കാരണം, പ്രതി അവരുടെ ബന്ധു സ്ഥാനത്താണ്.. ഇരയെ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിച്ചെന്നും വരാം…” എന്നാണ് പോസ്റ്റ്.
ലോകത്തിന്റെ ഏതു കോണിലൊളിച്ചാലും പ്രതിയെ കണ്ടെത്തിത്തരാമെന്നും നിയമത്തിനു വിട്ടുകൊടുക്കരുതെന്നും നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ നടപടി എടുക്കണമെന്നുമുള്ള വ്യത്യസ്ത കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. വിഷയം ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചുകൊണ്ടു ള്ള പോസ്റ്റും ഉണ്ട്.