വടകര: അഴിയൂർ കുഞ്ഞിപ്പള്ളി ടൗണിൽ ഏവരുടെയും സംരക്ഷകനും സഹായിയുമായി മാറിയ അലി അപ്പു എന്ന തെരുവ് നായ സാമൂഹികദ്രോഹികളുടെ വെട്ടേറ്റ് ചത്തു. തെരുവ് നായകൾക്കെതിരേ എങ്ങും പ്രതിഷേധമുയരുന്പോഴാണ് അലിഅപ്പുവിനെ ശുശ്രൂഷയും ഭക്ഷണവും നൽകി നാട്ടുകാർ സ്നേഹിച്ചിരുന്നത്. മൂന്ന് വർഷം മുന്പു കുഞ്ഞിപ്പള്ളി ടൗണിലെത്തിയ അലിഅപ്പു ആരെയും ഉപദ്രവിച്ചിരുന്നില്ല.
രാത്രിസമയത്ത് ബസിറങ്ങി വരുന്നർക്കു സുരക്ഷാഗാർഡു പോലെ പിന്നാലെ കൂടും. വീട്ടിലെത്തുന്നതുവരെ ഒപ്പമുണ്ടാവും. അസമയത്ത് ടൗണിലും പരിസരങ്ങളിലും അപരിചിതരെ കണ്ടാൽ കുരച്ച് നാട്ടുകാരെ വിവരമറിയിക്കും. ചായക്കടക്കാരും ഹോട്ടലുകാരും നൽകുന്ന ഭക്ഷണമാണ് ഇതിന്റെ ആഹാരം.
നാട്ടുകാരുടെ അരുമയായി കഴിയുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ കഴുത്തിന് വെട്ടേറ്റ് ചത്തത്. അലിഅപ്പുവിനെതിരേ നടന്ന ക്രൂരതയിൽ നാട്ടുകാരിൽ അമർഷമുയർന്നു. മൃഗ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ അക്രമികൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. മൃഗങ്ങളെ വെട്ടിപ്പരിക്കേൽപിക്കുന്ന ക്രൂര വിനോദം അവസാനിപ്പിക്കണമെന്ന് ആവശ്യമുയർന്നു.