ചെറുപ്പത്തിലേ കുറ്റകൃത്യങ്ങളുടെ ലോകത്തിലൂടെ സഞ്ചരിച്ച ബുദേഷിന്റെ പ്രധാന വരുമാന മാർഗം പോക്കറ്റടിയായിരുന്നു. പിന്നീടു ചെറിയ ചെറിയ ക്വട്ടേഷൻ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോയി. മുംബൈ ഘട്കോപർ, വിക്രോളി മേഖലകളിലായിരുന്നു പ്രധാന താവളം.
അലി ബാബ ബുദേഷ് പാതി ഇന്ത്യനും പാതി ബഹ്റൈൻ വംശജനുമായ അധോലോക നായകൻ. 1980കളിൽ മുംബൈ അധോലോക നായകൻമാർക്കെതിരേയുള്ള നടപടികൾ പോലീസും ഭരണകൂടവും ശക്തമാക്കിയപ്പോൾ ബഹ്റൈനിലേക്കു രക്ഷപ്പെട്ട ഡോൺ. പിന്നീട് 1990കളിൽ ബഹ്റൈൻ തലസ്ഥാനമായ മനാമയിലിരുന്നു മുംബൈ അധോലോകം നിയന്ത്രിച്ചയാൾ.
1957ലാണ് അലി ബാബ ബുദേഷിന്റെ ജനനം. ബുദേഷിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും കാര്യമായ വിശദാംശങ്ങൾ ലഭ്യമല്ല. എങ്കിലും പൂനയ്ക്ക് അടുത്തുള്ള ബോർഡിംഗ് സ്കൂളിലായിരുന്നു ഇയാൾ പഠിച്ചിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.
പോക്കറ്റടിക്കാരൻ
ചെറുപ്പത്തിലേ കുറ്റകൃത്യങ്ങളുടെ ലോകത്തിലൂടെ സഞ്ചരിച്ച ബുദേഷിന്റെ പ്രധാന വരുമാന മാർഗം പോക്കറ്റടിയായിരുന്നു. പിന്നീടു ചെറിയ ചെറിയ ക്വട്ടേഷൻ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോയി. മുംബൈ ഘട്കോപർ, വിക്രോളി മേഖലകളിലായിരുന്നു പ്രധാന താവളം. ഇവിടം കേന്ദ്രീകരിച്ചു ചെറിയൊരു ഗുണ്ടാസംഘവും ബുദേഷിന്റെ നേതൃത്വത്തിലുണ്ടായിരുന്നു.
അക്കാലത്തു കുറ്റകൃത്യങ്ങളിൽ അകപ്പെട്ട ദാവൂദ് സംഘത്തിലെ ചിലരെ പോലീസിന്റെ കണ്ണുവെട്ടിച്ചു സുരക്ഷിതമായി ഒളിവിൽ കഴിയാൻ ബുദേഷിന്റെ ഗുണ്ടാസംഘങ്ങൾ സഹായമൊരുക്കി.
ഈ സഹകരണമാണ് ദാവൂദ് സംഘത്തിലേക്കു ബുദേഷിനെ നയിക്കുന്നത്. ദാവൂദ് സംഘത്തിലെ പ്രധാനികളുമായി ചങ്ങാത്തത്തിലായ ബുദേഷ് കുറേക്കാലം അവരോടൊപ്പം നിന്നെങ്കിലും പിന്നീട് ഇവരിൽനിന്ന് അകലുന്നതാണു കണ്ടത്.
കലിപ്പിനു തുടക്കം
ഉത്തർപ്രദേശ് ഡോൺ സുഭാഷ് സിംഗ് താക്കൂറും ബുദേഷും ചേർന്നു മുംബൈയിലെ പ്രശസ്ത ബിൽഡർ നട്വർ ലാൽ ദേശായിയിൽനിന്നു പണം തട്ടിയെടുക്കാൻ പദ്ധതി തയാറാക്കി. എന്നാൽ, ബുദേഷിനെയും താക്കൂറിനെയും പ്രതിരോധിച്ചു ദാവൂദ് ദേശായിയുടെ സഹായത്തിനെത്തി.
ഇതോടെ ദാവൂദിനോടു ബുദേഷിനു നീരസമായി. ദേശായിക്കു ഡി കമ്പനിയുമായി ബന്ധമുണ്ടായിരുന്നു. ദേശായിയെ ഉപദ്രവിക്കരുതെന്നു ബുദേഷിനോടു ദാവൂദ് ആവശ്യപ്പെട്ടു. എന്നാൽ, പിന്മാറാൻ ബുദേഷിനെ അയാളുടെ ഈഗോ അനുവദിച്ചില്ല.
ദാവൂദിന്റെ വാക്കുകേട്ടു പിന്മാറിയാൽ തന്റെ അഭിമാനത്തിനു ക്ഷതമേൽക്കുമെന്ന നിലപാടിലായിരുന്നു അലി. അതുകൊണ്ടു തന്നെ അയാൾ ദാവൂദിനോടുള്ള സൗഹൃദമൊന്നും കണക്കാക്കിയില്ല.
“എന്നെ തിരുത്താൻ ദാവൂദിന് അവകാശമില്ല. ഇതുവരെ അദ്ദേഹം എന്നെ അലി ഭായ് എന്നാണ് വിളിച്ചിരുന്നത്. എന്നാൽ, ഞാൻ അലി ബുദേഷ് ആകുന്ന ദിവസം നിങ്ങൾ കരയും’ ബുദേഷ് ദാവൂദിനു തിരിച്ചു മുന്നറിയിപ്പ് നൽകി.
ദാവൂദിന്റെ മുന്നറിയിപ്പും വിലക്കും വകവയ്ക്കാതെ 1997 ഓഗസ്റ്റ് 18ന് താക്കൂറും ബുദേഷും ദേശായിയെ കൊലപ്പെടുത്തുകയും ചെയ്തു. സൗഹൃദത്തിലായിരുന്ന ദാവൂദും ബുദേഷും തമ്മിൽ കൊടിയ ശത്രുതയിലേക്കു നീങ്ങാൻ ഈ സംഭവം ഇടയാക്കി. (തുടരും)