കൽപ്പറ്റ: പരിമിതികളോടു പൊരുതി മകളെ ഡോക്ടറാക്കിയതിന്റെ ആനന്ദത്തിൽ ആംബുലൻസ് ഡ്രൈവർ. കാക്കവയൽ തെനേരിയിലെ ആംബുലൻസ് ഡ്രൈവർ മമ്മസ്റാഹിൽ വീട്ടിൽ അലി എന്ന സ്നേഹ അലിയുടെ മകൾ അഷ്ന അലിയാണ് തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കൽ കോളജിൽ നിന്നും എംബി ബിഎസ് ബിരുദം നേടിയത്.
കാക്കവയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലും മീനങ്ങാടി ഗവ.ഹയർ സെക്കൻഡി സ്കൂളിലുമായി സെക്കൻഡറി, ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ അഷ്നയ്ക്കു മെരിറ്റിലാണ് എംബിബിഎസ് അഡ്മിഷൻ ലഭിച്ചത്. പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരു വർഷം എൻട്രൻസ് പരിശീലനം നേടിയാണ് മെഡിക്കൽ പഠനത്തിനു പരീക്ഷ എഴുതിയത്.
വർഷങ്ങളായി ആംബുലൻസ് ഡ്രൈവറാണ് അലി. സ്നേഹ എന്നാണ് ആംബുലൻസിനു പേര്. അതുകൊണ്ടാണ് അലിക്കു സ്നേഹ അലിയെന്ന വിളിപ്പേരു വീണത്. പിന്നോക്ക പ്രദേശത്തെ പാവപ്പെട്ട രോഗികൾക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നാണ് ഡോ. അഷ്നയുടെ ആഗ്രഹം. ബുഷ്റയാണ് മാതാവ്. അജ്മൽ അലി സഹോദരനാണ്.