ഭൂമിയെ ആക്രമിക്കാനൊരുങ്ങി അന്യഗ്രഹജീവികള്‍ ? ഇവര്‍ അയയ്ക്കുന്ന മെസേജ് തുറന്നാല്‍ അത് ലോകത്തെത്തന്നെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്…

അന്യഗ്രഹ ജീവികള്‍ എന്നും ഒരു പ്രഹേളികയായി തുടരുന്ന വിഷയമാണ്. മനുഷ്യരേക്കാള്‍ കഴിവും മനുഷ്യരേക്കാള്‍ കഴിവും സാങ്കേതികത്തികവുമുള്ള അന്യഗ്രഹജീവികള്‍ പ്രപഞ്ചത്തില്‍ എവിടെയെങ്കിലുമുണ്ടോ? ഇന്നേവരെ ചുരുളഴിയാത്ത രഹസ്യങ്ങളുമായി കിടക്കുന്നവയാണ് യുഎഫ്ഒ കഥകള്‍.

എന്നാല്‍ പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്ന് ഭൂമിയിലേക്കുളള സന്ദേശത്തിനു കാത്തിരിക്കുന്നത് അപകടകരമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അത്തരമൊരു സന്ദേശം ഭൂമിയിലെ ഏതെങ്കിലും കംപ്യൂട്ടറിലേക്കെത്തിയാല്‍ വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്‌തേക്കണമെന്നും യൂണിവേഴ്‌സിറ്റി ഓഫ് ഹവായിയിലെ രണ്ടു ഗവേഷകര്‍ തയാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു സന്ദേശത്തിലൂടെ പോലും ഭൂമിയെ തകര്‍ക്കാവുന്ന വിധം നാശനഷ്ടം ഇവിടെ സൃഷ്ടിക്കാനാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതായത് അന്യഗ്രഹജീവികള്‍ ഇവിടേക്ക് വന്നിറങ്ങേണ്ട ആവശ്യം പോലുമില്ല! ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ (എഐ) അധിഷ്ഠിതമായി തയാറാക്കിയ ഏലിയന്‍ സന്ദേശങ്ങളെയാണു ഭയക്കേണ്ടതെന്ന് ഗവേഷകര്‍ പറയുന്നു.

ഭൂമിയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും ‘ഭീകരന്‍’ കംപ്യൂട്ടര്‍ വൈറസിനേക്കാളും മോശമായിരിക്കും അന്യഗ്രഹങ്ങളില്‍ നിന്നെത്തുകയെന്നും ഇവരുടെ മുന്നറിയിപ്പ്. ഭൂമിയിലെ വൈദ്യുതി സംവിധാനങ്ങളെ താറുമാറാക്കി ഇരുട്ടിലാക്കാന്‍ പോന്നതായിരിക്കും ഈ എഐ സംവിധാനം വഴിയുളള കമാന്‍ഡുകള്‍. സന്ദേശം തുറന്നാല്‍ അതെവിടെയാണ് എത്തിയിരിക്കുന്നതെന്നതുള്‍പ്പെടെയുള്ള വിവരങ്ങളും അന്യഗ്രഹങ്ങളിലേക്കെത്തും.

ഒരു കമ്പ്യൂട്ടറില്‍ സന്ദേശം തുറന്നാല്‍ നിമിഷനേരം കൊണ്ട് ലോകത്തിലുള്ള എല്ലാ കമ്പ്യൂട്ടര്‍ശൃംഗലയിലേക്കും പടര്‍ന്നു കയറും. ‘ഇന്റര്‍സ്റ്റെല്ലാര്‍ കമ്യൂണിക്കേഷന്‍: മെസേജ് ഡീകണ്ടാമിനേഷന്‍ ഈസ് ഇംപോസിബ്ള്‍’ എന്നു പേരിട്ട പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. എങ്ങനെയാണ് ബഹിരാകാശത്തു നിന്നു വരുന്ന ഒരു സന്ദേശം കംപ്യൂട്ടറുകളിലേക്കെത്തുകയും അതിനെ വിശകലനം ചെയ്യാന്‍ സാധിക്കുകയെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അത്തരം സന്ദേശങ്ങളെ ‘വേര്‍തിരിച്ച്’ എടുക്കാനാകില്ല.

മാത്രവുമല്ല അതിനു ശ്രമിച്ചാല്‍ മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്ന തിരിച്ചടിയാകും ലഭിക്കുക. ഭൂമിയിലെ സാങ്കേതിക സംവിധാനങ്ങളെയെല്ലാം തകര്‍ക്കാന്‍ പോന്ന ‘ബഗിനും’ സന്ദേശത്തിലേറി ഇവിടെയെത്താം. ‘സൂര്യന്‍ നാളെ പൊട്ടിത്തെറിക്കും’ എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ച് മനുഷ്യനെ ഭീതിയിലാഴുത്തുന്ന തന്ത്രങ്ങളും അന്യഗ്രഹജീവികളില്‍ നിന്നു പ്രതീക്ഷിക്കാം.

ഇക്കാര്യത്തില്‍ ഒരു പ്രതിവിധിയും നിര്‍ദേശിക്കുന്നുണ്ട് പഠനം. ബഹിരാകാശത്തേക്ക് ഭൂമിയില്‍ നിന്ന് ‘ട്രാന്‍സ്മിറ്റ്’ ചെയ്യുന്ന സന്ദേശങ്ങള്‍ സങ്കീര്‍ണമാക്കരുതെന്നാണ് അത്. കോഡുകള്‍ അയയ്ക്കുന്നത് ഒഴിവാക്കണം. പകരം വ്യക്തമായ വാക്കുകളോ ചിത്രങ്ങളോ സംഗീതമോ ഒക്കെ അയയ്ക്കാം. അതും നിലവില്‍ ലഭ്യമായ ഏറ്റവും ലളിതമായ ഫോര്‍മാറ്റിലും.

അഥവാ അന്യഗ്രഹജീവികള്‍ ഈ മെസേജുകള്‍ കണ്ടാല്‍ത്തന്നെ അവയെ ‘ഡീക്രിപ്റ്റ്’ ചെയ്തു വായിച്ചെടുക്കാന്‍ സൂപ്പര്‍ കംപ്യൂട്ടറുകളുടെയൊന്നും സഹായം തേടേണ്ടി വരികയുമരുത്. പ്രപഞ്ചത്തിലെ മറ്റിടങ്ങളുമായി നെറ്റ്വര്‍ക് സ്ഥാപിക്കാനുള്ള അവസരത്തെ സങ്കീര്‍ണ കോഡുകളയച്ച് മനുഷ്യര്‍ കളഞ്ഞുകുളിക്കരുതെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. അങ്ങനെയെങ്കില്‍ ഭൂമിയിലേക്കയയ്ക്കുന്ന സന്ദേശങ്ങളും ധൈര്യമായി തുറക്കാം. അതുവഴിയുണ്ടാകുന്ന നേട്ടങ്ങള്‍ പറഞ്ഞറിയിക്കാനാകാത്തത്രയുമായിരിക്കുമെന്നും പഠനറിപ്പോര്‍ട്ട്.

നേരത്തെ വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗും ഇതിനു സമാനമായ പ്രസ്താവന നടത്തിയിരുന്നു. അന്യഗ്രഹജീവികളുമായി യാതൊരു തരത്തിലുമുള്ള ബന്ധം സ്ഥാപിക്കാന്‍ നോക്കരുതെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അങ്ങനെ സംഭവിച്ചാല്‍ അത് ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്കയിലേക്ക് ആദ്യമായി എത്തിയതിനു സമാനമാകും. കൊളംബസിന് ആ വരവ് നേട്ടമായിരുന്നു.

എന്നാല്‍ തദ്ദേശീയരുടെ വംശത്തെ തന്നെ തകര്‍ത്തുകളയും വിധമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മനുഷ്യരുടെ ഗതിയും അങ്ങനെയാകാതിരിക്കാനാണ് താനിതു പറയുന്നതെന്നും ഹോക്കിംഗിന്റെ വാക്കുകള്‍. എന്തായാലും വരും കാലം മനുഷ്യവംശത്തിന് അത്ര ശുഭകരമാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

 

Related posts