തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പത്തിരി സത്താറിന്റെ വലംകൈ അലിഭായിയുടെ യഥാര്‍ഥ പേര് സാലിഹ് ബിന്‍ ജലാലി എന്ന് വിവരം. മോഹന്‍ലാല്‍ നായകനായ ഷാജികൈലാസ് ചിത്രം ‘അലിഭായി’ കണ്ട അന്നു മുതല്‍ പേര് അലിഭായ് എന്നാക്കുകയായിരുന്നു.
സത്താറും അലിഭായിയും തമ്മില്‍ സഹോദര തുല്യമായ സ്നേഹം നില നിന്നിരുന്നു. നാട്ടില്‍ തന്റെ സുഹൃത്തായിരുന്ന അലിഭായിയെ ഗള്‍ഫിലെ ശത്രുക്കളെ കൈകാര്യം ചെയ്യാനായിരുന്നു സത്താര്‍ ഖത്തറിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം.
സിനിമയിലും മറ്റും ധാരാളം വി.ഐ.പി. ബന്ധങ്ങളുള്ള അലിഭായി അത് ഉപയോഗിച്ചാണു വിദേശത്തേക്കു കടന്നത്. ഓച്ചിറ കൊച്ചുമുറിയില്‍ ലോറി ഡ്രൈവറായിരുന്ന സത്താര്‍ ഖത്തറിലെത്തി നൃത്താധ്യാപികയെ വിവാഹം ചെയ്യുകയായിരുന്നു. നൃത്തവിദ്യാലയം നടത്തിയും പരിപാടി നടത്തിയും പണം സമ്പാദിച്ച ഭാര്യയ്ക്കൊപ്പം ജിംനേഷ്യം നടത്തി സത്താറും പണക്കാരനായതോടെയാണ് സലാഹിനെയും ഗള്‍ഫിലേക്ക് വരുത്തിയത്.
ജിംനേഷ്യത്തില്‍ ട്രെയിനറാക്കിയാണ് അലിഭായിയെ സത്താര്‍ ഖത്തറിലേക്ക് കൊണ്ടുവന്നത്. ഓച്ചിറയിലെ സാധുകുടുംബത്തിലെ അംഗങ്ങളായിരുന്ന സാലിഹും സത്താറും ഗള്‍ഫിലെത്തിയതിനു ശേഷം നാട്ടില്‍ പലയിടത്തും ആഡംബരവീടുകളും വസ്തുക്കളും വാങ്ങിയിട്ടുണ്ട്.
തന്റെ ജിംേനഷ്യത്തിലെ ട്രെയിനറായ അലിഭായിയെ കേരളത്തിലേക്ക് അയച്ച് ദൗത്യം നടത്തി തിരിച്ചു സുരക്ഷിതമായി ഖത്തറിലേക്കു മടക്കിയെത്തിച്ചതും സത്താറാണെന്ന് പോലീസ് കണ്ടെത്തി. കൃത്യം നടത്തി കൊച്ചിയില്‍ എത്തിയ സലാഹ് അവിടെ നിന്നും ബാംഗ്ളൂര്‍ വഴി കാഠ്മണ്ഡുവിലേക്കും അവിടെ നിന്നും ഖത്തറിലേക്കും പറക്കുകയായിരുന്നു.
സുഹൃത്തിന്റെ കുടുംബജീവിതം തകര്‍ത്തതിന്റെ വാശിപ്പുറത്താണ് സാലിഹ് രാജേഷിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൊലയ്ക്ക് തലേന്ന് സാലിഹ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടു പേരെ കൂടി സംഘത്തില്‍ കൂട്ടി.
വീട്ടിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. അതിന് ശേഷം കൃത്യം നടത്തി മുങ്ങുകയും ചെയ്തു.സാലിഹ് ബിന്‍ ജലാലി(അലിഭായി)നു പോലീസ് ഉന്നതരുമായി ബന്ധമുണ്ടെന്നു രഹസ്യറിപ്പോര്‍ട്ടുണ്ട്.
കൊലപാതകത്തെക്കുറിച്ച് വിവരം കിട്ടിയ ഉടന്‍ ഒരു ഉന്നത ഉദ്യോഗസ്ഥനെ പോലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുക്കാതിരുന്നത് സംശയാസ്പദമായിട്ടുണ്ട്. അദ്ദേഹത്തിനുള്ള കോള്‍ ഡൈവേര്‍ട്ട് സംവിധാനത്തില്‍ ലാന്‍ഡ് ഫോണിലേക്കാണു പോയത്.
അതാരും അറ്റന്‍ഡ് ചെയ്തില്ല. അതിനാല്‍, പുലര്‍ച്ചെ നടന്ന കൊലപാതകവിവരങ്ങള്‍ ഉന്നതനെ കൈയോടെ അറിയിക്കാനുമായില്ല. ഇക്കാരണത്താല്‍, പ്രതികളുടെ നീക്കം മനസിലാക്കി നടപടിയെടുക്കാന്‍ പോലീസിനായില്ല.