തിരുവനന്തപുരം: റേഡിയോ ജോക്കിയെ കൊല്ലപ്പെട്ടുത്തിയ കേസിൽ മുഖ്യപ്രതിയെന്നു സംശയിക്കുന്ന അലിഭായ് പോലീസ് കസ്റ്റഡിയിൽ. അലിഭായി എന്ന സാലിഹ് ബിൻ ജലാലിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഖത്തറിൽ നിന്നാണ് അലിഭായി തിരുവനന്തപുരത്ത് എത്തിയത്. കൊലപാതകത്തിനുശേഷം കാഠ്മണ്ഡു വഴി ഇയാൾ ഖത്തറിലേക്ക് കടക്കുകയായിരുന്നു.
അലിഭായിയുടെ വീസ റദ്ദാക്കാൻ ഖത്തറിലെ സ്പോണ്സറോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഇയാൾ കേരളത്തിൽ തിരിച്ചെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ പോലീസ് അസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കി രാജേഷിനെ അക്രമി സംഘം മടവൂർ ജംഗ്ഷനു സമീപത്തെ സ്റ്റുഡിയോയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്റെ ഭർത്താവാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതിനു പിന്നിലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
കായംകുളം, എറണാകുളം എന്നിവിടങ്ങളിലുള്ള ക്വട്ടേഷൻ സംഘങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനവുമായാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമി സംഘം എത്തുന്ന സമയത്ത് രാജേഷ് വിദേശത്തുള്ള വനിതാ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ യുവതിയിൽ നിന്നും നിർണായക വിവരങ്ങൾ പോലീസ് ലഭിച്ചിട്ടുണ്ട്.