ഒരു രാത്രിയില്‍ കുറേ അന്യഗ്രഹജീവികള്‍ ഒരു പെണ്‍കുട്ടിയെ കാണാന്‍ വന്നു അവര്‍ അവളോട് പറഞ്ഞു നീയും ഒരു അന്യഗ്രഹജീവിയാണ്. കേട്ടിട്ട് ഒരു കഥ പോലെ തോന്നുന്നു അല്ലേ, കഥയാണെങ്കിലും സത്യമാണെങ്കിലും ഓസ്ട്രേലിയക്കാരിയായ ലീ കാപിറ്റെലിയ ഇക്കാര്യം തന്നെ ആവര്‍ത്തിച്ചുപറയുകയാണ്. ഇപ്പോള്‍ 22 വയസുള്ള ഈ മെല്‍ബണ്‍ സ്വദേശിനി താന്‍ ഒരു അന്യഗ്രഹജീവിയാണെന്നാണ് വിശ്വസിക്കുന്നത്. തനിക്ക് ഇഷ്ടമുള്ളപ്പോള്‍ ചൊവ്വയില്‍ പോകാന്‍ കഴിയുമെന്നും ലീ പറയുന്നു. ഇവളുടെ കുട്ടിക്കാലത്ത് ഇവളെക്കാണാന്‍ വന്ന അന്യഗ്രഹജീവികളാണ് ആ സത്യം വെളിപ്പെടുത്തിയത്. ലീയ്ക്ക് 13 വയസുള്ളപ്പോള്‍ ഒരു രാത്രിയിലായിരുന്നു അന്യഗ്രഹജീവി സന്ദര്‍ശനം നടത്തിയത്. അന്ന് ആ അന്യഗ്രഹജീവിയുടെ പേര് മെസ്രത്ത് എന്നായിരുന്നുവെന്നും ലീ ഓര്‍ക്കുന്നു. വര്‍ഷങ്ങളോളം ഇതു സത്യമോ സ്വപ്നമോ എന്നു തിരിച്ചറിയാത്ത അവസ്ഥയിലായിരുന്നു താനെന്നും ഇവര്‍ പറയുന്നു.
ഇതിനു സമാനമായ വേറെയും അനുഭവങ്ങള്‍ ലീ പറയുന്നുണ്ട്. പിന്നീടൊരിക്കല്‍ താന്‍ നക്ഷത്രപുത്രിയാണെന്നും തന്റെ പിതാവ് അന്യഗ്രഹജീവിയാണെന്നുമുള്ള സത്യം മെസ്രത്ത് പറഞ്ഞതായി ലീ പറയുന്നു. ഭൂമിയിലെ ജീവിതം കാണുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇവിടെ ജന്മമെടുത്തിരിക്കുന്നതെന്ന സത്യം താന്‍ മനസിലാക്കിയെന്നും ലീ പറയുന്നു. തന്റെ പിതാവ് അന്യഗ്രഹജീവിയാണെന്ന സത്യം അമ്മയ്ക്ക് ഒടുവില്‍ അംഗീകരിക്കേണ്ടിവന്നുവെന്നും ലീ പറയുന്നുണ്ട്.
ലീയുടെ കാമുകനും ഇക്കാര്യം അംഗീകരിച്ചു കഴിഞ്ഞു. തങ്ങള്‍ക്കുണ്ടാവുന്ന കുട്ടികളിലൂടെ അന്യഗ്രഹജീവിയുടെ ഡിഎന്‍എ അടുത്തതലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടുമെന്ന വിശ്വാസത്തിലാണിയാള്. മെസ്രത്തിനൊപ്പം ചൊവ്വ സന്ദര്‍ശിച്ചതോടെ അന്യഗ്രഹജീവികളുടെ ചില കഴിവുകള്‍ തനിക്കും ലഭിച്ചതായും ലീ അവകാശപ്പെടുന്നു. മെഡിറ്റേഷനില്‍ അസാധാരണമായ ശ്രദ്ധ ലഭിച്ചത് ഇതിന്റെ ഭാഗമാണെന്നും താന്‍ വളരെയധികം ഗ്രഹങ്ങള്‍ ഇതിനോടകം സന്ദര്‍ശിച്ചതായും ലീ പറയുന്നു. ലീയുടെ പഠനവിഷയവും അന്യഗ്രഹജീവികളാണ്. താന്‍ ഒരു അന്യഗ്രഹജീവിയാണെന്നു വെളിപ്പെടുത്തിയതോടെ അന്യഗ്രഹജീവിയുടെയും മനുഷ്യന്റെയും സങ്കരവര്ഗങ്ങളേക്കുറിച്ചു പഠിക്കാനുള്ള മനുഷ്യരുടെ താത്പര്യം വര്‍ദ്ധിക്കുമെന്നും ലീ കരുതുന്നു. മാത്രമല്ല തങ്ങള്‍ അന്യഗ്രഹജീവിയാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ കൂടുതല്‍ ആളുകള്‍ ശ്രമിക്കുമെന്നും ലീ കരുതുന്നു. എന്തൊക്കെയാണെങ്കിലും ലീയുടെ വെളിപ്പെടുത്തല്‍ ഓസ്ട്രേലിയയിലെ ആളുകള്‍ക്കൊരു നേരമ്പോക്കായിട്ടുണ്ട്.