അന്യഗ്രഹ ജീവികളെക്കുറിച്ച് കാലങ്ങള്‍ക്ക് മുമ്പു തന്നെ കഥകളും കെട്ടുകഥകളുമെല്ലാമുണ്ട്. ഓരോ സമയത്തും അവരെക്കുറിച്ച് ചര്‍ച്ചകളും അന്വേഷണങ്ങളുമെല്ലാം നടത്താറുമുണ്ട്. ഇപ്പോഴിതാ അന്യഗ്രഹജീവികളെക്കുറിച്ച് നാസ നടത്തിയ പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു.
അന്യഗ്രഹ ജീവികള്‍ വെറും കെട്ടുകഥയല്ലെന്നും നമ്മള്‍ അവരെ കണ്ടത്തും മുന്നേ അവര്‍ ഭൂമിയെ തേടി എത്തിയിരുന്നതായുമാണ് പഠനങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്. ‘അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ വന്നിട്ടുണ്ടാകാം. മനുഷ്യര്‍ സങ്കല്‍പിക്കുന്ന രൂപത്തിലല്ല, മറിച്ച് നാം തീരെ പ്രതീക്ഷിക്കാത്ത രൂപത്തിലായിരിക്കാം. പറയുന്നത്, നാസാ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകന്‍ സില്‍വാനോ പി. കോളമ്പാനോയാണ്. മറ്റൊന്നു കൂടി പറയുന്നു, ‘ഇവയ്ക്ക് വലുപ്പം കുറവും ബുദ്ധി കൂടുതലുമാകാം, മനുഷ്യരുടെ മനസ്സിലുള്ള രൂപം ഇവര്‍ക്കില്ലാത്തതിനാല്‍ നമ്മള്‍ അവരെ തിരിച്ചറിഞ്ഞു കാണില്ല.
പ്രപഞ്ചത്തിലെ പരകോടി നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ഇടയിലുള്ള സഞ്ചാരം മനുഷ്യന് ഇപ്പോഴും ചിന്തിക്കാന്‍ കഴിയാത്ത സത്യമാണ്. എന്നാല്‍, അതിനുള്ള ശേഷി നേടിയവരാകാം അന്യഗ്രഹ ജീവികള്‍. ഭൂമിയില്‍ ശാസ്ത്രീയമായ വന്‍ മുന്നേറ്റങ്ങള്‍ തുടങ്ങിയിട്ട് 500 വര്‍ഷമേ ആകുന്നുള്ളൂ, അതിനും വളരെ മുന്‍പ് ശാസ്ത്ര പുരോഗതി നേടിയ സമൂഹമാകാം അന്യഗ്രഹ ജീവികളുടേത്. അവരെക്കുറിച്ചുള്ള കെട്ടുകഥകളും മനസ്സിലുറച്ച ധാരണകളും ഉപേക്ഷിച്ച് കൂടുതല്‍ പഠനം നടത്താന്‍ ശാസ്ത്ര ലോകം തയാറാകണമെന്നും കോളമ്പാനോ നിര്‍ദേശിച്ചു.
പ്രഫസര്‍ കൂടിയായ കോളമ്പാനോയുടെ പ്രബന്ധം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, അന്യഗ്രഹ ജീവികള്‍ ഉണ്ടാകാനുള്ള സാധ്യത വിലയിരുത്തുക മാത്രമാണു താന്‍ ചെയ്തതെന്ന് കോളമ്പാനോ പിന്നീട് വിശദീകരിച്ചു. കോളമ്പാനോയുടെ ലേഖനത്തിന്റെ ലിങ്ക് നാസയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.