മാഡ്രിഡ്: 16 വയസുള്ള പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവച്ച കേസിൽ സ്പാനിഷ് ഫുട്ബോൾ ഭീമന്മാരായ റയൽ മാഡ്രിഡിലെ മൂന്നു യുവതാരങ്ങൾ അറസ്റ്റിൽ.
റയൽ യൂത്ത് ടീമിലെ അംഗങ്ങളായ കൗമാരക്കാരെ ക്ലബ് മൈതാന പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്ലബിലെ നാലാമതൊരു അംഗത്തെ കൂടി ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്ന് സ്പാനിഷ് പോലീസ് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, തന്റെ സമ്മതപ്രകാരമാണ് ക്ലബിന്റെ മൂന്നാം ഡിവിഷൻ ടീമിലെ അംഗവുമായി ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി. എന്നാൽ വീഡിയോ പകർത്തിയത് തന്റെ അനുവാദമില്ലാതെയാണെന്നാണു പെൺകുട്ടി ആരോപിക്കുന്നത്.
വനിതാ ലോകകപ്പ് വിജയിച്ച താരത്തിനു നിർബന്ധിത ചുംബനം നൽകി വിവാദത്തിലായ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസ് രാജിവച്ചതിനു പിന്നാലെയാണ് രാജ്യത്തുനിന്നു സമാനമായ മറ്റൊരു പരാതി ഉയർന്നത്.