അന്യഗ്രഹജീവികളെയും അവരുടെ ആകാശപേടകങ്ങളെയും കണ്ടെന്ന് അവകാശപ്പെട്ടു നിരവധിപേർ രംഗത്തെത്താറുണ്ടെങ്കിലും അവ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അമേരിക്കയിലെ മിയാമിയിലുള്ള മാളിനു മുന്നിലൂടെ അന്യഗ്രഹജീവി നടന്നുപോകുന്നതിന്റെയും വിമാനയാത്രയ്ക്കിടെ ആകാശത്ത് അന്യഗ്രഹപേടകം കണ്ടതിന്റെയും വീഡിയോ അടുത്തിടെ പുറത്തുവന്നെങ്കിലും അത് വിശ്വസനീയമായി ആർക്കും തോന്നിയില്ല. അതിനിടെ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണു ഒരു യുവതി.
കൗമാരകാലത്തു തന്റെ അമ്മയെയും അവരുടെ സുഹൃത്ത് ലിസയെയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയെന്നാണു യുവതി പറയുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് അവർ തന്റെ അമ്മയുടെയും സുഹൃത്തിന്റെയും അനുഭവം പങ്കിട്ടത്.
തന്റെ അമ്മയും അവരുടെ കൂട്ടുകാരിയും ഒരുദിവസം വീടിന്റെ ടെറസിലിരിക്കുന്പോൾ ആകാശത്ത് പ്രകാശവലയങ്ങൾ കണ്ടു. ആ പ്രകാശം പിന്നീട് അവരുടെ സമീപത്തേക്കെത്തി. കുറേ കഴിഞ്ഞപ്പോൾ വെളിച്ചം പോയി. ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇരുവർക്കും പരിസരബോധമുണ്ടായത്. എന്നാൽ, യഥാർഥത്തിൽ മൂന്നു മണിക്കൂർ കഴിഞ്ഞിരുന്നു. അതിനിടയിൽ നടന്ന കാര്യങ്ങളെക്കുറിച്ചൊന്നും അമ്മയ്ക്ക് ഓർമയില്ല.
പിന്നീട് അമ്മയും സുഹൃത്തും രണ്ടിടങ്ങളായാണു വളർന്നത്. പത്തുവർഷത്തോളം അവർ തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ കാര്യങ്ങൾ ഓർത്തെടുത്തു. അന്നത്തെ സംഭവത്തെക്കുറിച്ച് സുഹൃത്തിന് എല്ലാം ഓർമയുണ്ടത്രെ! പ്രകാശത്തിന്റെ കഷണങ്ങളാണ് തങ്ങളുടെ അടുത്തേക്കു വന്നതെന്ന് അവർ പറയുന്നു. പിന്നീട് എല്ലാം മങ്ങിയപോലെ തോന്നുകയായിരുന്നു.
വീടിന്റെ ടെറസിൽ നടന്ന സംഭവത്തിനു പുറമേ, മൂന്നുതവണ കൂടി അന്യഗ്രഹജീവികൾ തന്നെ തട്ടിക്കൊണ്ടുപോയതായി ലിസ പറയുന്നു. അന്യഗ്രഹജീവികളുമായി താൻ ഒരു സൗഹൃദം വളർത്തിയെടുത്തുവെന്നും ലിസ അവകാശപ്പെടുന്നു. ഏറെപ്പേർ പോസ്റ്റ് കണ്ടെങ്കിലും ഇതിന്റെ വാസ്തവത്തെക്കുറിച്ച് സംശയം ഉന്നയിക്കുകയാണ് മിക്കവരും ചെയ്തത്.