മൂന്ന് പ്രാവശ്യം തലാഖ് എന്ന് പറഞ്ഞാല് വിവാഹ ബന്ധം അവസാനിക്കുമോ? ഈ വിഷയത്തില് ഇന്നലെ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചപ്പോള് അതിനെ കുറിച്ചുള്ള അഭിപ്രായം അറിയാന് അലിഗഡ് മുസ്ലിം സര്വകലാശാലയില് എത്തിയ ഇന്ത്യാ ടുഡേയുടെ റിപ്പോര്ട്ടര്ക്ക് നേരെ കയ്യേറ്റ ശ്രമം. ഇല്മ ഹസ്സന് എന്ന മുസ്ലിം റിപ്പോര്ട്ടര്ക്കാണ് അലിഗഡ് മുസ്ലിം സര്വകലാശാലയില് നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.മുത്തലാഖിനെതിരെ സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവനയെ കുറിച്ച് കാമ്പസിലെ വനിതകളോട് ചോദ്യങ്ങള് ചോദിക്കുകയായിരുന്നു ഇല്മ.
ഒരു പെണ്കുട്ടി തന്റെ അഭിപ്രായം പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ട് മൂന്ന് വിദ്യാര്ത്ഥികള് എത്തി ഇല്മയെ തടയുന്നത്. ചിത്രീകരണം നിര്ത്തി വയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല് ഇത് കൂട്ടാക്കാതെ സംസാരിച്ച് കൊണ്ടിരുന്ന ഇല്മയ്ക്ക് നേരെ അസഭ്യ വര്ഷം ചൊരിയുകയും ഭീഷണിപ്പെടുത്തുകയും മോശം വാക്കുകള് പറയുകയുമായിരുന്നു കാമ്പസിലെ തന്നെ പുരുഷന്മാര്. ഇവര് വിദ്യാര്ത്ഥികളോ സ്റ്റാഫോ എന്ന് വ്യക്തമല്ല.ആദ്യം രണ്ട് മൂന്ന് വിദ്യാര്ത്ഥികളാണ് എത്തിയതെങ്കില് പിന്നീട് ആണ്കുട്ടികള് കൂട്ടത്തോടെ ഇല്മയ്ക്ക് നേരെ അസഭ്യ വര്ഷവുമായി എത്തുകയായിരുന്നു. ഇല്മയെ കാണാന്പോലും ആകാത്ത വിധമാണ് ആണ്കുട്ടികള് കൂട്ടത്തോടെ വളഞ്ഞത്. ഒരു പക്ഷേ ആണ്കുട്ടികള് അക്രമാസക്തരാകുമോ എന്ന് തോന്നിപ്പോകുമെങ്കിലും ഇവര്ക്കിടയില് നിന്ന് വളരെ ധൈര്യത്തോടെ തന്നെയാണ് ഇല്മ സംസാരിച്ചത്.
ആള്ക്കൂട്ടത്തോട് പിരിഞ്ഞ് പോകാനും തന്നെ ഇന്റര്വ്യൂ പൂര്ത്തിയാക്കാന് അനുവദിക്കണമെന്നും ഇല്മ ധൈര്യത്തോടെ പറയുന്നുണ്ട്. അനുവാദം വാങ്ങിയിട്ടാണോ ഷൂട്ടിങ് നടത്തുന്നതെന്ന് ആയിരുന്നു ചിലരുടെ ചോദ്യം താന് അനുവാദം വാങ്ങിയതിന് ശേഷമാണ് ചിത്രീകരണം നടത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും ആണ്കുട്ടികള് ഇവരെ കടന്ന് ആക്രമിക്കുക ആയിരുന്നു. പൊലീസിനെ വിളിക്കുമെന്ന് ഇല്മ പറഞ്ഞെങ്കിലും ആണ്കുട്ടികള് പിന്മാറിയില്ല.ഒരുവേള ആണ്കുട്ടികള് കയ്യേറ്റം ചെയ്യുന്ന അവസ്ഥയില് കാര്യങ്ങള് എത്തി എങ്കിലും ഇല്മ ധൈര്യം കൈവിട്ടില്ല. ലൈവായി തന്നെ ഇന്ത്യാടുഡേയുടെ ഡസ്കില് സംഭവം എത്തിക്കാനും ഇല്മയ്ക്ക് കഴിഞ്ഞു.